tiff

കൊല്ലം: കാലങ്ങളായി തുടരുന്ന യാത്രാ ദുരിതത്തിന് പരിഹാരമായി നെടുമൺകാവ് - അറക്കടവ് പാലം ഓണസമ്മാനമായി നാടിന് സമർപ്പിക്കും. കരീപ്ര- വെളിയം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. അപ്രോച്ച് റോഡ് നിർമ്മാണം കഴിയുന്നതോടെ പാലം ഉദ്ഘാടനം ചെയ്യാൻ കഴിയും. മഴയാണ് നിലവിലുള്ള തടസം. മഴ മാറിനിൽക്കുന്ന മുറയ്ക്ക് അപ്രോച്ച് റോഡുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും. പ്രദേശവാസികൾ തന്നെ മുൻകൈയെടുത്താണ് അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തിയത്. നാട്ടുകാരിൽ പലരും സൗജന്യമായാണ് ഭൂമി വിട്ടുനൽകിയത്. ഇടുങ്ങിയ ചെറിയ പാലത്തിൽക്കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നെടുമൺകാവ്, കൊട്ടറ നിവാസികൾക്ക് പുതിയ പാലവും റോഡും വലിയ ആശ്വാസമാകും.

10.26 കോടി രൂപയുടെ പദ്ധതി

പി. ഐഷാപോറ്റി എം.എൽ.എ മുൻകൈയെടുത്താണ് പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന അറക്കടവ് പാലം നിർമ്മാണത്തിനായി 10.26 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. നേരത്തേ ഉണ്ടായിരുന്ന ചെറിയ പാലത്തിലൂടെ കാൽനട യാത്രയും കഷ്ടിച്ച് ഇരുചക്ര വാഹന യാത്രയും മാത്രമാണ് നടന്നിരുന്നത്. മറ്റ് വാഹനങ്ങൾ കിലോമീറ്ററുകൾ അധികയാത്ര ചെയ്ത് മീയണ്ണൂർ, തച്ചക്കോട്, തുതിയൂർ വഴി ചുറ്റിയാണ് സഞ്ചരിച്ചിരുന്നത്. പുതിയ പാലം തുറക്കുന്നതോടെ യാത്രക്കാർക്ക് കിലോമീറ്ററുകൾ ലാഭിക്കാൻ കഴിയും. നിലവിൽ നാട്ടുകാർക്ക് ആറിന് കുറുകേ കടക്കാൻ താൽക്കാലിക പാലം നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഉരുക്ക് തൂണുകളിൽ ബീമുകൾ സ്ഥാപിച്ച് ഇരുമ്പ് ഷീറ്റ് പാകിയാണ് നടപ്പാലമൊരുക്കിയത്. ഒരു മീറ്റർ വീതിയും 35 മീറ്റർ നീളവും കൈവരിയും ഉള്ളതാണ് ഈ പാലം. പുതിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമ്പോൾ ഈ ഉരുക്കുപാലത്തിന് പ്രസക്തിയില്ലാതാകും.

നാടിന്റെ ആവശ്യം നിറവേറുന്ന സംതൃപ്തി

നിരവധി വർഷങ്ങളായുള്ള നാടിന്റെ ആവശ്യമാണ് നെടുമൺകാവ് - അറക്കടവ് പാലം. അത് സാക്ഷാത്കരിക്കുന്നതിന്റെ സംതൃപ്തിയുണ്ട്. കോൺക്രീറ്റ് പൂർത്തിയായി. പല തവണ നേരിട്ടെത്തി നിർമ്മാണ ജോലികൾ വിലയിരുത്തിയിരുന്നു. മന്ത്രി ജി. സുധാകരനാണ് പാലത്തിന് ശിലാസ്ഥാപനം നടത്തിയത്. ഇനി അപ്രോച്ച് റോഡ് കൂടി പൂർത്തിയായാൽ മന്ത്രിയുമായി ആലോചിച്ച് ഉദ്ഘാടത്തിന് തീയതി നിശ്ചയിക്കും. ഓണത്തിന് മുമ്പ് പാലം പ്രദേശവാസികൾക്കായി തുറന്നുകൊടുക്കാനാകും.

(പി.ഐഷാ പോറ്റി, എം.എൽ.എ)