chirakkara
ചിറക്കര പഞ്ചായത്തു ആസ്ഥാനത്തേയ്ക് രൂക്ഷമായായ യാത്രാക്ലേശം

ചാത്തന്നൂർ : ചിറക്കര ഗ്രാമ പഞ്ചായത്ത്‌ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചിറക്കരത്താഴത്തേയ്ക്കുള്ള പാതയിലെ രൂക്ഷമായ യാത്രാക്ലേശം പ്രദേശവാസികളെ വലയ്ക്കുന്നു. ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഒാഫീസിലെത്തുന്നവർ
സമയത്ത് ബസുകളില്ലാത്തത് മൂലം വലിയ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. സ്വന്തമായി വാഹനമില്ലാത്തവർക്ക് ഇവിടെ എത്തിച്ചേരുക ഏറെ ബുദ്ധിമുട്ടാണ്. പഞ്ചായത്തിന്റെ പ്രവ‌ൃത്തി സമയമായ 10 മുതൽ 5 വരെ നിലവിലുള്ള സ്വകാര്യ ബസുകൾ രണ്ടു പ്രാവശ്യം മാത്രമാണ് സർവീസ് നടത്തുന്നത്. 8.30 ന് ചിറക്കരത്താഴത്ത് എത്തിയ ശേഷം വർക്കല പോയി തിരികെ 9.45 ന് വീണ്ടും ചിറക്കരത്താഴം ടച്ച് ചെയ്ത് കൊല്ലത്തേയ്ക്ക് പോവുമായിരുന്ന കെ.എസ്.ആർ.ടി.സി സർവീസും ഇപ്പോൾ നിലവിലില്ല. ആവശ്യക്കാർ പരവൂർ - പാരിപ്പളളി റൂട്ടിൽ വന്നാലും പൂതക്കുളം അമ്മാരത്തു മുക്കിൽ ഇറങ്ങി മൂന്നു കിലോമീറ്റർ നടന്നു വേണം പഞ്ചായത്ത് ഓഫീസിൽ എത്താൻ. ദിനംപ്രതി നൂറു കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിലെത്തുന്നത്. യാത്രാ ക്ലേശത്തിനു പരിഹാരം കാണുന്നതിനായി പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല.

കൊല്ലം, കുണ്ടറ, കൊട്ടാരക്കര നിന്ന് ചിറക്കര ക്ഷേത്രം വരെ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളും മുക്കാട്ടുകുന്നു, താവണംപൊയ്‌ക, അധികരിമുക്കു വഴി ചിറക്കര പഞ്ചായത്ത് ഓഫീസു വരെ വരാനുള്ള നടപടി ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെട്ട് സ്വീകരിക്കും.

ടി.ആർ. ദീപു ( ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)

ചിറക്കര ഗ്രാമ പഞ്ചായത്ത് ആസ്ഥാനമായ ചിറക്കരത്താഴത്തേയ്ക്കുള്ള യാത്രാ ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിക്കും ആർ.ടി.ഒയ്ക്കും അപേക്ഷ നൽകും.

രാംകുമാർ രാമൻ ( ചിറക്കര ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, ഭാരതീയ ദളിത് കോൺഗ്രസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്)

ചിറക്കര ഗ്രാമ പഞ്ചായത്ത്

പരവൂർ മുനിസിപ്പാലിറ്റി അതിർത്തിയായ പരവൂർ മാലക്കായലിൽ തുടങ്ങി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത് അതിർത്തിയായ ഏറം തെക്ക് നാഷണൽ ഹൈവേ വരെ വ്യാപിച്ചു കിടക്കുന്ന വിസ്തൃതി ഏറെയുള്ള ഗ്രാമ പഞ്ചായത്താണ് ചിറക്കര.

യാത്രാ ക്ലേശത്തിന് പരിഹാരം

ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് കോതരി, ഉളിയാനാട്, വഴവിള, ചിറക്കരതാഴം, കുഴുപ്പിൽ, പോളച്ചിറ, ഒഴുകുപാറ, പിന്നമുക്കു, നെടുങ്ങോലം, പരവൂർ വഴി വർക്കലയിലേക്കും തിരികെയും ദിവസം രണ്ട് തവണ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയാൽ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്ന് പ്രദേശ വാസികൾ പറയുന്നു. കൂടാതെ കുണ്ടറ - പരവൂർ റൂട്ടിൽ ആരംഭിച്ച കെ.എസ്‌.ആർ.ടി.സി ചെയിൻ സർവീസിൽ രണ്ട് ട്രിപ്പ് പഞ്ചായത്ത് പ്രവൃത്തി സമയത്ത് തിരുമുക്കു കഴിഞ്ഞ് മീനാട് പാലമുക്ക് തിരിഞ്ഞ് കോതേരി, ഉളിയാനാട്, ചിറക്കരതാഴം, കുഴുപ്പിൽ, പോളച്ചിറ, ഒഴുകുപാറ, നെടുങ്ങോലം വഴി പരവൂരിലേക്കും തിരികെയും സർവീസ് നടത്തിയാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

3 സ്വകാര്യ ബസ് സർവീസ് മാത്രം

ചിറക്കരത്താഴം - കൊല്ലം , ചിറക്കരത്താഴം - കുണ്ടറ, ചിറക്കരത്താഴം,- നെടുമൺകാവ് റൂട്ടിലോടുന്ന മൂന്നു സ്വകാര്യ ബസ് സർവീസ് മാത്രമാണ് പഞ്ചായത്തിൽ എത്തിപ്പെടാനുള്ള ഏക ആശ്രയം.

നടന്നേ പറ്റൂ

പാണിയിൽ കൊച്ചാലുംമൂട് , ഉളിയാനാട് ,ചിറക്കര, കണ്ണേറ്റ, കാരംകോട്, ഏറം തെക്ക് ഭാഗങ്ങളിൽ നിന്ന് വരുന്നവർ ചിറക്കര വാഴവിള ജംഗ്ഷനിലിറങ്ങി രണ്ട് കിലോമീറ്ററോളം നടന്നാണ് പഞ്ചായത്തിൽ എത്തേണ്ടത്. മാലക്കായൽ, നെടുങ്ങോലം പുന്നമുക്ക്, ഒഴുകുപാറ, പോളച്ചിറ പ്രദേശങ്ങളിലുള്ളവർക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചോ കിലോമീറ്ററുകലോളം നടന്നോ വേണം പഞ്ചായത്ത് ഓഫീസിൽ എത്താൻ. പഞ്ചായത്ത് ഒാഫീസിലെ ജീവനക്കാരും യാത്രാക്ലേശം മൂലം വളരെ ബുദ്ധിമുട്ടുന്നുണ്ട്.