v
ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർക്ക് നേരെ നടന്ന വധശ്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന്റെ ഭാഗമായി എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടൻ പ്രസംഗിക്കുന്നു

ഓഫീസിലെത്തി പരാക്രമം, വീട്ടിലെത്തി ഭീഷണി

കൊല്ലം: കൊല്ലം തോട് നവീകരണത്തിന്റെ മറവിൽ നടക്കുന്ന മണൽ കടത്ത് തടഞ്ഞ ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥന് നേരെ കരാറുകാരന്റെ വധശ്രമം. കൊല്ലം അസി.എക്സിക്യൂട്ടീവ് എൻജിനീയ‌ർ ജോയി ജനാർദ്ദനനെയാണ് അപ്പുക്കുട്ടനെന്ന കരാറുകാരൻ ഓഫീസിലെത്തി ആക്രമിക്കാൻ തുനിഞ്ഞത്. കൊല്ലം തോട് മൂന്നാം റീച്ചിലെ നവീകരണത്തിന്റെ കരാറെടുത്തയാളാണ് അപ്പുക്കുട്ടൻ.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയ്ക്ക് സമീപത്തെ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഓഫീസിൽ മദ്യപിച്ചെത്തിയ അപ്പുക്കുട്ടൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ജോയി ജനാർദ്ദനനെ കുത്താൻ ശ്രമിക്കുകയായിരുന്നു. മറ്റ് ജീവനക്കാർ എത്തി അപ്പുക്കുട്ടനെ പിടികൂടി ഓഫീസിന് പുറത്താക്കിയെങ്കിലും അവിടെ നിന്നുകൊണ്ട് വധ ഭീഷണി മുഴക്കിയ ശേഷം സ്വന്തം ബൈക്കിന്റെ സീറ്റ് കവർ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തിക്കീറി. ഇതിനുശേഷം വൈകിട്ട് ആറ് മണിയോടെ കല്ലുപാലത്തിന് സമീപത്തെ ജോയി ജനാർദ്ദനന്റെ വീട്ടിലെത്തിയും വധഭീഷണി മുഴക്കി. ഈ സമയം ജോയിയുടെ അമ്മയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.

കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലം തോട് നവീകരണത്തിന്റെ മറവിൽ കാലങ്ങളായി മണൽ കടത്ത് വ്യാപകമാണ്. കോടികൾ വിലമതിക്കുന്ന മണലാണ് ഇതിനകം തോട്ടിൽ നിന്ന് ഊറ്റിയെടുത്തത്. മണലെടുപ്പല്ലാതെ തോട് നവീകരണം മുന്നോട്ട് നീങ്ങാത്ത അവസ്ഥയാണ്. മണലെടുപ്പ് കർശനമായി വിലക്കിയതാണ് കരാറുകാരനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.