garbage
GARBAGE

 നഗരസഭയുടെ സമ്പൂർണ മാലിന്യ സംസ്‌കരണ പദ്ധതിയുടെ രൂപരേഖയായി

കൊല്ലം: നഗരത്തിലെ പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർ ഒരു നിമിഷം ആലോചിക്കുക, 5000 രൂപ പിഴ നൽകേണ്ടിവരും. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും വിവരം അറിയിക്കുന്നവർക്ക് 2500 രൂപ പാരിതോഷികവും വാഗ്ദാനം ചെയ്ത് നഗരസഭയുടെ സമ്പൂർണ മാലിന്യസംസ്കരണ പദ്ധതിക്ക് രൂപരേഖയായി. മാലിന്യ സംസ്കരണത്തിനുള്ള നഗരസഭയുടെ ഹരിതസഹായ സ്ഥാപനമായ ഐ.ആർ.ടി.സി (ഇന്റർഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ) തയ്യാറാക്കിയ രൂപരേഖ ഉടൻ പ്രത്യേക കൗൺസിൽ യോഗം ചേർന്ന് ചർച്ച ചെയ്ത് നടപ്പാക്കും.

 മാലിന്യശേഖരണം ഊർജ്ജിതമാക്കും

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്നുള്ള അജൈവ മാലിന്യശേഖരണം ഊർജ്ജിതമാക്കുന്നതിനെ കുറിച്ചും പദ്ധതിയിലുണ്ട്. അജൈവ മാലിന്യം ഡിവിഷൻ തലത്തിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളിൽ സംഭരിക്കും. ഇവിടെ നിന്ന് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളിലെത്തിച്ച് വേർതിരിച്ച് സംസ്‌കരണത്തിനായി വിവിധ ഏജൻസികൾക്ക് കൈമാറും.

 വെബ്സൈറ്റിലൂടെ വിവരം നൽകാം, അക്കൗണ്ടിലൂടെ സമ്മാനം നേടാം

പുതുതായി ആരംഭിക്കുന്ന വെബ്സൈറ്റിൽ മാലിന്യം വലിച്ചെറിയുന്നതിന്റെ ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്യാം. ഒപ്പം ബാങ്ക് അക്കൗണ്ട് നമ്പരും നൽകണം. പോസ്റ്റ് ചെയ്യുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി പിഴ ഈടാക്കിയ ശേഷം സമ്മാനത്തുക വിവരം അറിയിച്ചവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. മാലിന്യം തള്ളുന്നവരെ നേരിട്ട് കണ്ടെത്താൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ നിരീക്ഷണ കാമറകളും സ്ഥാപിക്കും.

 പദ്ധതിയുടെ പ്രധാന ആകർഷണങ്ങൾ

 മത്സരം വരുന്നു.. ഡിവിഷനുകൾ തമ്മിൽ

കൊല്ലത്തെ സീറോ വേസ്റ്റ് സിറ്റിയാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം പൂർണമായും ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് ഡിവിഷനുകൾ തമ്മിൽ മത്സരം സംഘടിപ്പിക്കും. വിജയികൾക്ക് സമ്മാനവും നൽകും.

 മാലിന്യം കൊണ്ടൊരു മ്യൂസിയം

അജൈവ മാലിന്യം കൊണ്ടുള്ള മ്യൂസിയമാണ് പദ്ധതിയിലെ പ്രധാന ആകർഷണം. വലിച്ചെറിയുന്ന ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കളും മറ്റ് ഉത്പന്നങ്ങളും നിർമ്മിച്ച് പ്രദർശിപ്പിക്കും. വില്പനയും ഉണ്ടാകും. പാഴ്‌വസ്തുക്കൾ വലിച്ചെറിയേണ്ടവയല്ല, മറിച്ച് മറ്റൊരു ഉല്പന്നമാണെന്ന സന്ദേശമാണ് നഗരസഭ ഇതിലൂടെ നൽകുന്നത്. മ്യൂസിയം സ്ഥാപിക്കുന്ന സ്ഥലം പിന്നീട് നിശ്ചയിക്കും.

 180 രൂപയ്ക്ക് കിച്ചൺ ബിൻ

ജൈവമാലിന്യം വീട്ടിൽ തന്നെ സംസ്കരിക്കാൻ 1800 രൂപ വിലയുള്ള കിച്ചൺ ബിൻ 90 ശതമാനം സബ്സിഡിയോടെ നൽകും. ഒരു ഡിവിഷനിൽ ആയിരം ബിന്നുകളാകും നൽകുക.

 സീറോ വേസ്റ്ര് സിറ്റിയാകും

പദ്ധതിയുടെ പൈലറ്റ് ഡിവിഷനായി തിരഞ്ഞെടുത്ത താമരക്കുളത്ത് പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. ഒരുമാസത്തിനുള്ളിൽ മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കും. ആറ് മാസം കൊണ്ട് പൊതുസ്ഥലത്ത് മാലിന്യമില്ലാത്ത നഗരമാക്കി മാറ്റും. വീണ്ടും ഒരു ആറ് മാസം കൂടി നിരീക്ഷിച്ച ശേഷം നഗരത്തെ സീറോവേസ്റ്റ് സിറ്റിയായി പ്രഖ്യാപിക്കും.