മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ.എൽ.പി.എസിലെ പുതിയ കെട്ടിടം മൂന്ന് വർഷമായി ദുരിതാശ്വാസ ക്യാമ്പ്
കൊല്ലം: സ്‌മാർട്ട് ക്ലാസ് മുറികൾക്കായി നിർമ്മിച്ച കെട്ടിടം മൂന്ന് വർഷമായി ദുരിതാശ്വാസ ക്യാമ്പായതിന്റെ ദുരിതം അനുഭവിക്കുകയാണ് മുണ്ടയ്‌ക്കൽ ഈസ്റ്റ് ഗവ.എൽ.പി.എസിലെ വിദ്യാർത്ഥികൾ. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിലിരുന്നാണ് ഇന്ന് കുട്ടികൾ പഠിക്കുന്നത്. ഇതിനോട് ചേർന്നുള്ള പുതിയ കെട്ടിടത്തിലാകട്ടെ മൂന്ന് കുടുംബങ്ങളിലെ പത്തിലേറെ അംഗങ്ങൾ താമസിക്കുകയാണ്.
കഴിഞ്ഞ ആഗസ്റ്റിൽ അമൃതുകുളം മുനിസിപ്പൽ കോളനിയിൽ കത്തിനശിച്ച മൂന്ന് വീടുകളിലെ അംഗങ്ങളാണ് സ്‌കൂളിലെ ഇപ്പോഴത്തെ താമസക്കാർ. അന്ന് താത്കാലിക സംവിധാനമെന്ന നിലയിൽ കളക്‌ടർ ഉൾപ്പെടെ ഇടപെട്ടാണ് കുടുംബങ്ങളെ സ്കൂളിലേക്ക് മാറ്റിയത്. കുട്ടികളുടെ പഠന മുറികളിൽ തുടങ്ങിയ താത്കാലിക സംവിധാനത്തിന് ഒരു വർഷമായിട്ടും മാറ്റമില്ല.
ക്യാമ്പ് തുറന്നത് 2016ൽ
2016ലെ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്കൂളിൽ മൂന്ന് മുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. ഉദ്ഘാടനത്തിനായി വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും കാത്തിരിക്കുമ്പോഴാണ് ഇരവിപുരത്തെ കടൽക്ഷോഭത്തിൽ വീട് നഷ്‌ടമായവരെ താമസിപ്പിക്കാൻ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. പുതിയ കെട്ടിടത്തിലെ മൂന്ന് മുറികളിലായി ആറ് കുടുംബങ്ങളെ പാർപ്പിച്ചു. നാല് മാസങ്ങൾക്ക് ശേഷമാണ് സ്കൂളിൽ നിന്ന് അഞ്ച് കുടുംബങ്ങൾ മറ്റ് താമസ കേന്ദ്രങ്ങളിലേക്ക് പോയത്. ശേഷിച്ച ഒരു കുടുംബം സ്കൂൾ വിട്ടത് മൂന്ന് മാസം മുമ്പാണ്.
മൂന്ന് കുടുംബങ്ങൾ ഒരു ഭാഗത്ത് താമസിക്കുമ്പോൾ തൊട്ടപ്പുറത്ത് സഹജീവി സ്നേഹത്തെ കുട്ടികൾ അനുഭവിച്ചറിയുകയാണ്. പക്ഷേ കുട്ടികളുടെ സ്‌മാർട്ട് ക്ലാസ് മുറികളും അദ്ധ്യയന അന്തരീക്ഷത്തിന്റെ ശാന്തതയും നഷ്ടപ്പെടുന്നതിന്റെ ആശങ്കയിലാണ് രക്ഷിതാക്കൾ.
കുടുംബങ്ങൾക്ക് വീടൊരുക്കാൻ താമസമെന്ത് ?
മുണ്ടയ്‌ക്കൽ ഈസ്റ്റ് ഗവ.എൽ.പി.എസിലെ താമസക്കാരായ മൂന്ന് കുടുംബങ്ങൾക്കും മുണ്ടയ്‌ക്കലിൽ വീട് നിർമ്മാണം തുടങ്ങിയെന്നാണ് നഗരസഭയുടെ വിശദീകരണം. മൂന്ന് സെന്റ് സ്ഥലവും 10.5 ലക്ഷം രൂപയുടെ വീടുമാണ് നൽകുന്നത്. വീടുകളുടെ നിർമ്മാണം പൂർത്തിയാകും വരെ കുടുംബങ്ങൾ സ്കൂളിൽ തന്നെ തുടരട്ടെ എന്നാണ് അധികൃതരുടെ നിലപാട്. ഇവർക്ക് വാടക വീടുകളിലോ ഒഴിവുള്ള സുനാമി ഫ്ലാറ്റുകളിലോ താമസ സൗകര്യമൊരുക്കണമെന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം നഗരസഭ പരിഗണിക്കുന്നേയില്ല. കുട്ടികളുടെ പഠനാന്തരീക്ഷമാണ് നഷ്ടമാകുന്നതെന്ന കാര്യം ഭരണ നേതൃത്വം ഉൾക്കൊള്ളുന്നതുമില്ല.
സ്കൂളിലെ താമസക്കാരായ കുടുംബങ്ങൾക്ക് താത്കാലിക താമസ കേന്ദ്രം ഒരുക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിയാൽ ഉടനെ ക്ലാസ് മുറികൾ സ്മാർട്ട് ആക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങും.
ഗിരിജാ സുന്ദരൻ
കൗൺസിലർ, മുണ്ടയ്‌ക്കൽ ഡിവിഷൻ
.................................................