c
എസ്.എൻ കോളേജ്

 പുറത്തു നിന്നെത്തിയ എസ്.എഫ്.ഐ നേതാക്കൾ പ്രിൻസിപ്പലിന് നേരെ വധഭീഷണി മുഴക്കി

 കോടതി ഉത്തരവ് ലംഘിക്കാൻ വിദ്യാർത്ഥികൾക്കൊപ്പം പൊലീസും

കൊല്ലം:എസ്.എൻ കോളേജ് പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപകർക്ക് നേരെ കൊല്ലം ഈസ്റ്റ് എസ്.ഐയുടെ അസഭ്യവർഷം. പുറത്തുനിന്ന് അതിക്രമിച്ച് കയറിയ എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോഴാണ് എന്ത് ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്ന് പറഞ്ഞശേഷം അസഭ്യവർഷം നടത്തിയത്.

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ തന്നെ പുറത്ത് നിന്നുള്ള എസ്.എഫ്.ഐ നേതാക്കൾ കോളേജിനുള്ളിൽ തമ്പടിച്ചിരുന്നു. പതിനൊന്ന് മണിയോടെ ഇവർ ക്ലാസിൽ കയറി വിദ്യാർത്ഥികളെ പുറത്തേക്ക് വലിച്ചിറക്കി. തടയാൻ ശ്രമിച്ച പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപക‌ർക്ക് നേരെ എസ്.എഫ്.ഐ ജില്ലാ നേതാക്കൾ ഉൾപ്പെട്ട സംഘം അസഭ്യവർഷത്തോടൊപ്പം വധഭീഷണിയും മുഴക്കി. ശ്രീനാരായണ ലീഗൽ സ്റ്റഡി സെന്ററിലെ വിദ്യാർത്ഥിയാണ് ഇവരിൽ പ്രധാനിയെന്നാണ് അദ്ധ്യാപകർ പറഞ്ഞത്. സംഭവമറിഞ്ഞ് ഈസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം എത്തിയിട്ടും എസ്.എഫ്.ഐ നേതാക്കൾ പഴയതിനെക്കാൾ ആവേശത്തിൽ ഭീഷണി മുഴക്കൽ തുടർന്നു. ഇതിനിടെ കോളേജിലെ വിദ്യാർത്ഥികളല്ലാത്തവരെ അറസ്റ്റ് ചെയ്തു നീക്കണമെന്നാവശ്യപ്പെട്ട അദ്ധ്യാപകർക്ക് നേരെ എസ്.ഐ അസഭ്യവർഷം നടത്തുകയായിരുന്നു. ഇതിന് ശേഷം പ്രശ്നക്കാരായ വിദ്യാർത്ഥികളുടെ തോളിൽ കൈയിട്ട് നിന്ന് സംസാരിക്കുകയും ചെയ്തു. എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അദ്ധ്യാപകർ ഇന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകും.

എസ്.എൻ കോളേജിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് പുറത്ത് നിന്ന് അതിക്രമിച്ച് കയറിയ എസ്.എഫ്.ഐ നേതാക്കൾക്ക് മുന്നിൽ ഈസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പഞ്ചപുച്ഛം അടക്കി നിന്നത്. നേരത്തെയും ഇവിടെ സംഘർഷം ഉണ്ടാകുമ്പോൾ പൊലീസ് എത്താറുണ്ടെങ്കിലും അത് അക്രമികൾക്ക് സംരക്ഷണം നൽകാനാണെന്ന ആരോപണം ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്നലെയും പൊലീസിന്റെ നിലപാട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കൊണ്ട് ഒരാഴ്ച മുൻപ് കോളേജിനുള്ളിൽ എസ്.എഫ്.ഐ പ്രവർത്തകർ കോടിതോരണങ്ങളും ബാനറുകളും കെട്ടിയിരുന്നു. രാത്രികാലങ്ങളിൽ കോളേജിനുള്ളിൽ തമ്പടിച്ച് മദ്യപാനവും പതിവായിരുന്നു. ഇതിനെതിരെ കോളേജ് അധികൃതർ പരാതി നൽകിയപ്പോൾ കർശന നടപടിയെടുക്കുമെന്ന് ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഭരണപക്ഷ പാർട്ടിയുടെ വിദ്യാർത്ഥിസംഘടന നടത്തുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പൊലീസ് ഒത്താശ ചെയ്യുന്നുവെന്നാണ് ഇന്നലത്തെ സംഭവം വ്യക്തമാക്കുന്നത്. രാത്രികാലത്ത് കോളേജിൽ അതിക്രമിച്ചുകയറി മുറികളിൽ തമ്പടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞുെവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും സന്ധ്യകഴിഞ്ഞ് ചിലർ തമ്പടിച്ചതായി കോളേജ് അധികൃതർ പറഞ്ഞു.