കരുനാഗപ്പള്ളി: വിവരാവകാശ നിയമം പൊതു സമൂഹം കൃത്യമായും കുറ്റമറ്റ രീതിയിലും വിനിയോഗിക്കണമെന്ന് വി.എം. സുധീരൻ പറഞ്ഞു. ജനസഹായി വിവരാവകാശ നിയമ ഫോറം കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ് അംഗങ്ങൾക്കും നിയമസഭാ സാമാജികർക്കും മാത്രം ലഭിച്ചിരുന്ന അവകാശമാണ് വിവരാവകാശ നിയമത്തിലൂടെ പൊതു ജനങ്ങൾക്ക് ലഭിച്ചത്. ഭരണപരമായ അധികാരമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പൂർണമായും സുതാര്യമായിരിക്കണം. ജനാധിപത്യ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണമെങ്കിൽ പൗരസമൂഹത്തിന്റെ ഇടപെടീൽ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കരുനാഗപ്പള്ളിക്ക് അനുവദിച്ച കോടതി സമുച്ചയത്തിനും ഗവൺമെന്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിനും സ്ഥലം കണ്ടെത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് സായാഹ്ന ധർണ സംഘടിപ്പിച്ചത്. യോഗത്തിൽ മുൻ ജില്ലാ ജഡ്ജി എസ്. സോമൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. പ്രസേനൻ, ഡോ. കെ. രാജേന്ദ്രൻ, സി.ആർ. മഹേഷ്, തൊടിയൂർ രാമചന്ദ്രൻ, എൻ. അജയകുമാർ, സന്തോഷ് കുമാർ, ഡി. രാജീവൻ, എ. അജയകുമാർ, പി.എം. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.