കുന്നത്തൂർ:കുന്നത്തൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി പ്ലസ് ടു വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശാസ്താംകോട്ട ആയിക്കുന്നം ചിരണിക്കൽ വീട്ടിൽ അനന്തുവിനെയും (23) സുഹൃത്തുക്കളായ പനപ്പെട്ടി സ്വദേശി രതീഷ്,പോരുവഴി കമ്പലടി സ്വദേശി ഷാനവാസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മുതുപിലാക്കാട്ട് നിന്നുമാണ് പ്രതികൾ അറസ്റ്റിലായത്. പ്രതികളെ പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.കുറ്റകൃത്യത്തിനും രക്ഷപെടാനും സഹായിച്ചതിനാണ് സുഹൃത്തുക്കളെ പിടികൂടിയത്.കോടതി മൂന്നു പേരെയും റിമാൻഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കുന്നത്തൂർ തോട്ടത്തുംമുറി സ്വദേശിയായ വിദ്യാർത്ഥിനിയുമായി കൊട്ടാരക്കര - ചവറ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ അനന്തു പരിചയത്തിലായി. പരിചയം പ്രണയമായെങ്കിലും പെൺകുട്ടി പിൻമാറിയത് പ്രതിയെ പ്രകോപിപ്പിച്ചു. കൂട്ടുപ്രതികളുമായി കഴിഞ്ഞ ദിവസം പുലർച്ചെ 1.30 ന് പെൺകുട്ടിയുടെ വീടിനു സമീപം ബൈക്കിൽ എത്തി. വീട്ടിൽ അതിക്രമിച്ച് കയറി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അടിവയറ്റിൽ മാരകമായി പരിക്കേൽപ്പിച്ചു. മൂന്നു തവണ കുത്തേറ്റ കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കളും സഹോദരിയും ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.സഹായികളായ പ്രതികളോടൊപ്പം അനന്തു ഒളിവിൽ പോയി.അതിനിടെ വയറിന് കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ശാസ്താംകോട്ട പൊലീസ് കഴിഞ്ഞ ദിവസം ഇവിടെയെത്തി മൊഴി രേഖപ്പെടുത്തിരുന്നു. കൊട്ടാരക്കര ഡിവൈ.എസ് .പി എസ്.നാസറുദീൻ, സർക്കിൾ ഇൻസ്പെക്ടർ വി.എസ് പ്രശാന്ത്,എസ്.ഐമാരായ എ.ഷുക്കൂർ,നാസറുദീൻ,പൊലീസ് ഉദ്യോഗസ്ഥരായ എ.സി ഷാജഹാൻ, ശിവശങ്കരപ്പിള്ള,ബി.അജയകുമാർ, വിജയൻപിള്ള,കെ.കെ രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.