navas
പടിഞ്ഞാറെ കല്ലട ചക്കുളം ഏലായിൽ കോഴി മാലിന്യം തള്ളിയ നിലയിൽ

ശാസ്താംകോട്ട: അധികൃതരുടെ അനുമതിയില്ലാതെയുള്ള ഇറച്ചിക്കോഴി വ്യാപാര കേന്ദ്രങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതനുസരിച്ച് കോഴി വേസ്റ്റ് ജനവാസ മേഖലകളിൽ നിക്ഷേപിക്കുന്നത് പതിവാകുന്നു. ഇറച്ചിക്കോഴി വ്യാപാരം നടത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്നാണ് ചട്ടം. എന്നാൽ മാലിന്യ സംസ്കരണത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയും പഞ്ചായത്തുകളുടെ അനുമതിയില്ലാതെയുമാണ് ഭൂരിഭാഗം കോഴിക്കടകളും പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ രാത്രിയിൽ ചാക്കുകെട്ടുകളിലാക്കി ജനങ്ങൾ വഴി നടക്കുന്ന റോഡരികിലും ജലാശയങ്ങളിലും ആളൊഴിഞ്ഞ കൃഷിയിടങ്ങളിലും നിക്ഷേപിക്കുന്നത് കുന്നത്തൂർ താലൂക്കിലെ പതിവ് കാഴ്ചയാണ്. പള്ളിക്കലാറിന്റെ തീരത്ത് അടിഞ്ഞുകൂടുന്ന കോഴി വേസ്റ്റ് കാക്കകൾ കൊത്തി വലിച്ച് സമീപത്തെ കിണറുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇറച്ചിക്കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഏജൻസികളാവാം ജനവാസ മേഖലയിൽ മാലിന്യം നിക്ഷേപിക്കുന്നതിന് പിന്നിലെന്ന് പ്രദേശവാസികൾ പറയുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചി ക്കോഴി വിൽപ്പന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചക്കുളം ഏലായിൽ കോഴി വേസ്റ്റ് തള്ളി

കഴിഞ്ഞ ദിവസം പടിഞ്ഞാറേ കല്ലടയിലെ ചക്കുളം ഏലായിൽ നൂറിലധികം ചാക്കുകളിലാണ് കോഴി വേസ്റ്റ് തള്ളിയത്. റോഡരികിൽ കോഴി വേസ്റ്റ് തള്ളുന്നത് തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുന്നത്തൂർ താലൂക്കിലെ വേങ്ങ, പെരുവേലിക്കര, ശൂരനാട് തുടങ്ങിയുള്ള നിരവധി സ്ഥലങ്ങളിൽ കോഴി വേസ്റ്റ് തള്ളിയിരുന്നു. മുൻപ് ഒന്നോ രണ്ടോ ചാക്ക് കോഴി വേസ്റ്റ് മാത്രമാണ് തള്ളിയിരുന്നതെങ്കിൽ ഇപ്പോൾ അത് അമ്പതിലധികമായി മാറിയിട്ടുണ്ട്. ജനപ്രതിനിധികളും പൊലീസും ഇടപെട്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മാലിന്യം മറവു ചെയ്യുന്നത്.