police
പുനലൂർ നഗരസഭ കോൺഫറൻ ഹാളിൽ ചേർന്ന ട്രാഫിക്ക് പരിഷ്ക്കരണകമ്മിറ്റിയിൽ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ സംസാരിക്കുന്നു.

പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂർ ടൗണിലെ ഗതാഗതക്കുരുക്കും അനധികൃത വാഹന പാർക്കിംഗും ഒഴിവാക്കാനുള്ള നടപടി ട്രാഫിക് പരിഷ്ക്കരണ കമ്മിറ്റി യോഗത്തിൽ കൈക്കൊണ്ടു. ഇന്നലെ പുനലൂർ നഗരസഭാ ഫോൺഫറൻസ് ഹാളിൽ ചേർന്ന പൊലീസ് - മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും നേതൃത്വത്തിലുള്ള ട്രാഫിക് പരിഷ്ക്കരണ കമ്മിറ്റിയിലാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചത്. ചെമ്മന്തൂർ മുതൽ ടി.ബി ജംഗ്ഷൻ വരെയുള്ള നഗരമദ്ധ്യത്തിലാണ് ട്രാഫിക് പരിഷ്ക്കരണം നടപ്പാക്കുന്നത്. അനധികൃത വാഹന പാർക്കിംഗും ഗതാഗതക്കുരുക്കും മൂലം കാൽ നടയാത്ര പോലും ദുഷ്ക്കരമായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പുനലൂർ ടൗണിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് കേരളകൗമുദി പത്രം നിരവധി തവണ വാർത്ത നൽകിയിരുന്നു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ ഡിവൈ.എസ്.പി എസ്. അനിൽദാസ്, എസ്.ഐ. ജെ. രാജീവ്, ജോയിന്റ് ആർ.ടി.ഒ ഷെറീഫ്, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, സെക്രട്ടറി ജി. രേണുകാദേവി, റവന്യൂ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, വ്യാപാരി വ്യാവസായി നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പുതിയ ട്രാഫിക് പരിഷ്ക്കരണം ഇങ്ങനെ

കച്ചേരി റോഡിന്റെ ഒരു വശത്ത് മാത്രം വാഹനം പാർക്ക് ചെയ്യുക

കൊല്ലം, കൊട്ടാരക്കര ഭാഗങ്ങളിലേക്കും തിരികെ പുനലൂരിലേക്കും വരുന്ന ചെറിയ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ചെമ്മന്തൂരിൽ നിന്ന് വെട്ടിപ്പുഴയിലെ എം.എൽ.എ റോഡ് വഴി കടന്ന് പോകണം

പുനലൂർ - ശിവൻകോവിൽ റോഡിലെ തൂക്ക് പാലം മുതൽ വാട്ടർ അതോറിറ്റി ഓഫീസ് വരെയുള്ള പാതയോരങ്ങളിൽ വാഹന പാർക്കിംഗ് കർശനമായി നിരോധിക്കും

വൃന്ദാവനം ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് കവല വരെയുള്ള ദേശീയ പാതയുടെ ഒരു വശത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലെ തിരക്ക് വർദ്ധിപ്പിച്ചുകൊണ്ട് ഓട്ടോകൾ കറങ്ങുന്നത് കർശനമായി നിയന്ത്രിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോയോട് ചേർന്ന് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും

പേപ്പർ മിൽ ഭാഗത്തേക്ക് പോകുന്ന ബസ്, ടാക്സി, ജീപ്പ് അടക്കമുള്ള വാഹനങ്ങൾ വിക്ടോറിയ ഓഡിറ്റോറിയം കഴിഞ്ഞുള്ള ഭാഗത്ത് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം

പകൽ സമയത്ത് ടൗണിലെത്തുന്ന ചരക്ക് ലോറികളിൽ നിന്ന് സാധാനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും കർശനമായി നിറുത്തി വയ്പ്പിക്കും

ടി.ബി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഐക്കരക്കോണം റോഡിലെ അനധികൃത വാഹന പാർക്കിംഗും അനധികൃത വ്യാപാരവും കർശനമായി തടയും

 കച്ചേരി റോഡിലെ വില്ലേജ് ഓഫീസിനോട് ചേർന്ന ഓട്ടോ സ്റ്റാൻഡ് ദേശീയ പാതയോരത്തേക്ക് മാറ്റി സ്ഥാപിക്കും