ഇവിടം വാഹനങ്ങളുടെ ശവപ്പറമ്പ്
ചാത്തന്നൂർ: സ്റ്റേഷൻ പരിസരം വൃത്തിയാക്കി കൃഷി ചെയ്ത് പച്ചക്കറി വിളയിച്ച് കൈയടി നേടിയ ചാത്തന്നൂർ സ്റ്റേഷനിലെ പൊലീസുകാർക്ക് സ്വന്തം വാസസ്ഥലം നരകതുല്യം. അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തത് മൂലം ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സുകൾ പലതും തകർച്ചയുടെ വക്കിലാണ്. വിവിധ കേസുകളിൽ പിടിച്ച കസ്റ്റഡി വാഹനങ്ങളുടെ ശവപ്പറമ്പാണ് ഇന്ന് ക്വാർട്ടേഴ്സ് പരിസരം. കാടുപിടിച്ച് ഇവിടം ഇഴജന്തുക്കളുടെ താവളമായി മാറിക്കഴിഞ്ഞിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല.
പതിനൊന്ന് ക്വാർട്ടേഴ്സുകളാണ് ഇവിടെ ആകെയുള്ളത്. കൂടാതെ എസ്.ഐയ്ക്കും സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും താമസിക്കാൻ രണ്ട് നിലയുള്ള കെട്ടിടം വേറെയും. പൊലീസ് കോൺസ്റ്റബിൾമാർ കുടുംബമായി താമസിക്കുന്ന കെട്ടിടങ്ങളാണ് അധികൃതരുടെ അനാസ്ഥ മൂലം മേൽക്കൂരകളും ഭിത്തികളും തകർന്ന് വാസയോഗ്യമല്ലാതായിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ വിനോദത്തിനായി ബാഡ്മിന്റൺ കോർട്ട് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുകാലത്ത് ഇവിടെയുണ്ടായിരുന്നു. കാടുകയറി കസ്റ്റഡി വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ അതെല്ലാം ഇന്ന് ഓർമ്മ മാത്രമായി.
ക്വാർട്ടേഴ്സും പരിസരവും കാടുപിടിച്ചതോടെ സമീപവാസികളും ഭയത്തിലാണ്. ക്വാർട്ടേഴ്‌സുകൾ അടിയന്തരമായി നവീകരിക്കുകയും കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നീക്കം ചെയ്ത് പരിസരത്തെ കാട് വെട്ടിത്തെളിക്കുകയും ചെയ്ത് ഉദ്യോഗസ്ഥരുടെ നരകതുല്യമായ ജീവിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വനിതാ ജീവനക്കാരുൾപ്പെടെ ബുദ്ധിമുട്ടിൽ
അൻപതോളം ജീവനക്കാരുള്ള ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ വനിതാ ജീവനക്കാരുൾപ്പെടെ പലരും ദൂരസ്ഥലങ്ങളിൽ നിന്നാണ് ജോലിക്കെത്തുന്നത്. ക്വാർട്ടേഴ്സിന്റെ പരിതാപകരമായ അവസ്ഥ മൂലം രാത്രിയിൽ ജോലിയെടുക്കുന്ന വനിതാ പൊലീസുകാരടക്കം സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ കുടുസുമുറികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. യൂണിഫോം മാറുന്നതിനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനോ വേണ്ടത്ര സൗകര്യവും ഇവർക്കില്ല. പഴയ ക്വാർട്ടേഴ്‌സുകളിൽ ചിലത് രണ്ടുവർഷം മുമ്പ് വരെ ചില ജീവനക്കാർ ഉപയോഗിച്ചിരുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ വർദ്ധിച്ചതോടെ ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ല.
കസ്റ്റഡി വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത് മൂലം കോടിക്കണക്കിന് രൂപയുടെ റവന്യു നഷ്ടമാണുണ്ടാകുന്നത്. തെളിവെടുപ്പിന് ശേഷം വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കാൻ നിയമ ഭേദഗതികൾ ഉണ്ടാകണം. പൊലീസ് സ്റ്റേഷൻ പരിസരത്ത് കിടന്നുനശിച്ച വാഹനങ്ങൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും.
എൻ. രവീന്ദ്രൻ
ജില്ലാ പഞ്ചായത്ത് മെമ്പർ
പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ജീവന് തന്നെ ഭീഷണി ഉയർത്തുന്ന ക്വാർട്ടേഴ്‌സുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും സ്റ്റേഷൻ പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച് പരിസരവാസികളുടെ പരാതികൾ പരിഹരിക്കുകയും വേണം.
ചാത്തന്നൂർ മുരളി
പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക്