ചാത്തന്നൂർ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുകയാണ് ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാത്രക്കാരും ജീവനക്കാരും. ഇരിപ്പിടങ്ങളും മഴപെയ്താൽ കയറിനിൽക്കുന്നതിനുള്ള ബസ് ഷെൽട്ടറും അപര്യാപ്തമായതിനാൽ യാത്രക്കാർ മഴയത്തും വെയിലത്തും കഷ്ടപ്പെടുകയാണ്.
ഇരുപത് വർഷം മുമ്പ് നിർമ്മിച്ച മെയിൻ കെട്ടിടത്തിന് ചോർച്ചയുണ്ട്. ഓഫീസ് പ്രവർത്തനങ്ങൾക്കുള്ള സ്ഥലവും കുറവാണ്. എഴുപതോളം വനിതാ ജീവനക്കാരുൾപ്പെടെ 320 ഓളം ജീവനക്കാരുള്ള ഡിപ്പോയിൽ വിശ്രമമുറികളോ കാന്റീൻ സൗകര്യമോ ഇല്ല.
ഡിപ്പോ റോഡ് തകർന്ന് കുണ്ടും കഴിയുമായി കിടന്നിട്ട് വർഷങ്ങളായി. ബസ് ഡിപ്പോയിലേക്ക് വരുമ്പോൾ വലിയ കുഴികളിൽ വീഴുന്നതിനാൽ യാത്രക്കാരുടെ ജീവൻ പോലും ഭീഷണിയിലാണ്. മഴക്കാലത്ത് റോഡിലെ ഈ കുഴികളിൽ വെള്ളം നിറഞ്ഞ് ചെളി കെട്ടും. ഇതോടെ ബസ് വരുമ്പോൾ യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുകയും ചെയ്യും.
നിലവിൽ ഡിപ്പോയിൽ 23 ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. സ്പെയർ പാർട്സുകൾ യഥാസമയം ലഭിക്കാത്തതിനാൽ ഗാരേജിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായുള്ള ആക്ഷേപവുമുണ്ട്.
വികസന സാധ്യത ഏറെയുള്ള ചാത്തന്നൂർ ഡിപ്പോയ്ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കി ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.
സർവീസുകൾ ലാഭത്തിൽ, വികസനസാദ്ധ്യത ഏറെ
പ്രതിദിനം ആറ് ലക്ഷം രൂപയിൽ കൂടുതൽ കളക്ഷനാണ് ചാത്തന്നൂർ ഡിപ്പോയിലുള്ളത്. 11 ഫാസ്റ്റ് പാസഞ്ചറുകളുൾപ്പെടെ 54 സർവീസുകളുമാണ് ഇവിടെ നിന്നുള്ളത്. കരുനാഗപ്പള്ളി - കല്ലമ്പലം, കരുനാഗപ്പള്ളി - പാരിപ്പള്ളി (ബൈപ്പാസ് വഴി), കൊട്ടിയം - അഞ്ചൽ, കൊട്ടാരക്കര - പാരിപ്പള്ളി, കുണ്ടറ - പരവൂർ - വർക്കല എന്നിങ്ങനെ 30 ചെയിൻ സർവീസുകളും ലാഭത്തിലാണ്. വികസനത്തിന് ധാരാളം ഭൂമിയുള്ള ഡിപ്പോയാണിത്. ചാത്തന്നൂർ പഞ്ചായത്തിൽ നിന്ന് അഞ്ച് ഏക്കർ ഭൂമിയാണ് കോർപ്പറേഷന് നൽകിയിരിക്കുന്നത്.
ഡിപ്പോയിലെ റോഡ് അടിയന്തരമായി റീടാറിംഗ് നടത്തണം. മരക്കുളം - ഇടനാട് റൂട്ടിൽ നിറുത്തലാക്കിയ ബസ് സർവീസ് പുനഃസ്ഥാപിക്കണം.
ജോൺ എബ്രഹാം
കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്
ചാത്തന്നൂർ ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണും.
വി. സണ്ണി
കാരംകോട് വാർഡ് മെമ്പർ