കൊല്ലം: സർക്കാർ ആശുപത്രി ഒ.പിയിലെ നീണ്ട ക്യൂവിൽ കാത്തുനിൽക്കാതെ കൗണ്ടറിലെത്തിയ വൃദ്ധയോട് കൗണ്ടറിലിരുന്നയാൾ കയർത്തു.. 'പോയി ക്യൂവിൽ നിൽക്കൂ".
നിൽക്കാൻ തീരെ വയ്യെന്ന് പറഞ്ഞപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചത് ക്യൂവിൽ നിന്ന യുവാക്കൾ.
വയോജനങ്ങളെ ക്യൂവിൽ നിർത്തരുതെന്ന സർക്കാർ ഉത്തരവുണ്ടല്ലോ എന്ന് മറ്റൊരു വൃദ്ധൻ. 'ഇവിടെ ബോർഡൊന്നും എഴുതി വച്ചിട്ടില്ലല്ലോ" എന്നായി ക്യൂവിലുള്ളവർ.
വയോജനങ്ങളെ കാത്തു നിർത്തരുതെന്ന് സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും അനുഭവം മറിച്ചാണ്. ഉത്തരവ് നേരത്തെ നിലവിലുണ്ടെങ്കിലും മിക്ക ഓഫീസുകളിലും പാലിയ്ക്കുന്നില്ലെന്ന പരാതി ഉയർന്നതോടെയാണ് നടപടി കർശനമാക്കി പുതിയ ഉത്തരവിറക്കിയത്. എന്നാൽ ഉത്തരവ് ഇപ്പോഴും നടപ്പാക്കുന്നില്ലെന്നാണ് വയോധികർ പറയുന്നത്.
ഉത്തരവിൽ പറയുന്നത്
സേവനകേന്ദ്രങ്ങൾ, സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, നികുതി -ബിൽ കൗണ്ടറുകൾ തുടങ്ങിയ ഇടങ്ങളിൽ മുതിർന്ന പൗരന്മാർ, ഗുരുതര രോഗം ബാധിച്ചവർ, ഭിന്നശഷിക്കാർ എന്നിവരെ ക്യൂവിൽ നിറുത്തരുത്. ആവശ്യം നിറവേറ്റി പോകാനുള്ള സൗകര്യം ഒരുക്കി നൽകണം.
ഉത്തരവ് നൽകിയത്:
സ്ഥാപന മേധാവികൾൾക്ക്
പരാതി പരിഹരിക്കേണ്ടത്:
സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ
ഫലം കാണാത്തതിന് കാരണം
സ്ഥാപനങ്ങളിൽ ബോർഡ് സ്ഥാപിച്ചിട്ടില്ല.(ബോർഡ് സ്ഥാപിക്കാൻ നിർദ്ദേശം ഇല്ലെന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ)
സ്ഥാപന മേധാവികൾക്ക് ഇതുസംബന്ധിച്ച വ്യക്തമായ അറിവില്ലായ്മ.
പരാതിപ്പെടാം
സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പാലിയ്ക്കുന്നില്ലെങ്കിൽ പരാതിപ്പെട്ടാൽ നടപടിയുണ്ടാകും. ബന്ധപ്പെട്ട സ്ഥാപന മേധാവിക്കോ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർക്കോ പരാതി നൽകാം. dsjosjdklm@gmail.com (കൊല്ലംജില്ല) എന്ന ഇമെയിൽ വിലാസത്തിലും പരാതിപ്പെടാം.
'ഏതെങ്കിലും സ്ഥാപനത്തിലോ ഓഫീസിലോ ബസുകളിലോ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗം ബാധിച്ചവർ എന്നിവർക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന പരാതി ലഭിച്ചാൽ നടപടിയുണ്ടാകും."
പി. സുധീർകുമാർ,
ജില്ലാ ഓഫീസർ,
സാമൂഹ്യനീതി വകുപ്പ്