road
പി.ഡബ്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശബരി പ്രശാന്ത് നാട്ടുകാരുമായി സംസാരിക്കുന്നു

ഓച്ചിറ: അഴിമതിയും മെല്ലെപ്പോക്കും ആരോപിച്ച് വവ്വാക്കാവ് - മണപ്പള്ളി റോഡിന്റെ നിർമ്മാണം പ്രദേശവാസികൾ തടഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങളായ അലാവുദ്ദീൻ, സലിം അമ്പീത്തറ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞത്. തുടർന്ന് പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ശബരി പ്രശാന്ത് സ്ഥലം സന്ദർശിക്കുകയും സ്ലാബ് നിർമ്മാണത്തിൽ എം സാന്റിന് പകരം പാറപ്പൊടി ഉപയോഗിച്ചത് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

എസ്റ്റിമേറ്റിൽ നിർദ്ദേശിച്ചിരുന്നതിലും കനം കുറഞ്ഞ കമ്പിയാണ് സ്ലാബ് നിർമ്മാണത്തിനായി ഉപയോഗിച്ചതെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ മതിയായ അളവിലല്ല സിമന്റ് ഉപയോഗിച്ചതെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഓട നിർമ്മിക്കുന്ന സ്ഥലത്ത് നിന്ന് നൂറോളം ലോഡ് മണൽ കരാറുകാരൻ കടത്തിയതായി ആരോപണമുണ്ടെന്നും അവർ വ്യക്തമാക്കി.

അടുത്ത ആഴ്ച റോഡ് ടാറിംഗ് ആരംഭിക്കും

ഒാട നിർമ്മാണത്തിന് മുമ്പ് താലൂക്ക് സർവയറെക്കൊണ്ട് റോഡിന്റെ വീതി പുനർനിർണയിക്കാനും നിർദ്ദിഷ്ട അളവിൽ കമ്പിയും സിമന്റും ഉപയോഗിച്ച് കോൺക്രീറ്റ് സ്ളാബ് നിർമ്മിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ആഴ്ച റോഡ് ടാറിംഗ് ആരംഭിക്കും. ദിവസം മൂന്ന് നേരം റോഡിൽ വെള്ളം തളിക്കണമെന്ന നിർദ്ദേശം കോൺട്രാക്ടർക്ക് നൽകിയിട്ടുണ്ട്.

ശബരി പ്രശാന്ത് (പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ,​ റോഡ്സ് ഡിവിഷൻ, കരുനാഗപ്പള്ളി.)​

2017-18 വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി 3.85 കോടി രൂപ ചെലവഴിച്ച് 4 കിലോമീറ്റർ ദൂരത്തിലാണ് റോഡ് പുനർനിർമ്മിക്കുന്നത്

നിർമ്മാണം തുടങ്ങിയത് 6 മാസം മുമ്പ്

ആറ് മാസങ്ങൾക്ക് മുമ്പാണ് റോഡ് നിർമ്മാണം ആരംഭിച്ചത്. ഗതാഗതം പൂർണമായി നിയന്ത്രിച്ചിട്ടില്ലാത്തതിനാൽ എല്ലാ വാഹനങ്ങളും ഇപ്പോഴും ഇതു വഴിയാണ് കടന്നുപോകുന്നത്. പണി അനന്തമായി നീളുന്ന റോഡിൽ അടിക്കടി അപകടങ്ങളുണ്ടാകുന്നത് പതിവ് കാഴ്ച്ചയാണ്.

കഴിഞ്ഞ മാസത്തെ ഉപരോധം

റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പണി തീരാത്തതിനാൽ ദുരിതത്തിലായ ‌ജനങ്ങൾ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എൻജിനിയറെ കഴിഞ്ഞ മാസം ഉപരോധിച്ചിരുന്നു. മേയ് 31ന് മുമ്പ് നിർമ്മാണം പൂത്തിയാക്കാനാവശ്യമായ നടപടി കൈക്കൊള്ളാം എന്നാണ് അന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നത്.

റോഡ് പണി നീണ്ടുപോകുന്നതിനാൽ രൂക്ഷമായ പൊടിശല്യം കാരണം വ്യാപാരികളും സമീപവാസികളും വലയുകയാണ്. പൊടി ശല്യത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള സമരമുറകൾ ആരംഭിക്കും

(സലീം അമ്പിത്തറ, ഗ്രാമ പഞ്ചായത്തംഗം)​