അദ്ധ്യാപകർക്ക് നേരെ വധഭീഷണിയും അസഭ്യവർഷവും
കൊല്ലം: അദ്ധ്യയന സമയത്ത് ക്ലാസിൽ കയറി വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് വലിച്ചിറക്കുകയും തടയാൻ ശ്രമിച്ച പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപർക്ക് നേരെ അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത എസ്.എൻ കോളേജിലെ ഏഴ് എസ്.എഫ്.ഐ നേതാക്കൾക്ക് സസ്പെൻഷൻ. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ബി.എ പൊളിറ്റിക്സ് വിദ്യാർത്ഥിയുമായ ജോഷി റിച്ചാർഡ്, യൂണിറ്റ് പ്രസിഡന്റ് എസ്.എസ്. അഭിനന്ദ് (മൂന്നാം വർഷ ഇംഗ്ലീഷ്), മുഹമ്മദ് ബാസിത് (എം.കോം മുൻ വിദ്യാർത്ഥി), ആർ.എസ്.ശരത്കൃഷ്ണ. (മൂന്നാം വർഷ കെമിസ്ട്രി), എസ്.റോബി. (മൂന്നാം വർഷ എക്കണോമിക്സ്), .ബി.എസ്.ഗോവർദ്ധൻ (രണ്ടാം വർഷ പൊളിറ്രിക്സ്), ആഷിക് സ്റ്റാലിൻ (രണ്ടാം വർഷ മാസ് കമ്മ്യൂണിക്കേഷൻ) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മുഹമ്മദ് ബാസിത് ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാതെ പുറത്തായ വിദ്യാർത്ഥിയാണ്. എന്നാൽ, വിദ്യാർത്ഥിയാണെന്ന് കാട്ടാൻ ടി.സി വാങ്ങാതെ ഇവിടെ എത്തി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി എസ്.എൻ കോളേജിലെ വിദ്യാർത്ഥികളല്ലാത്ത എസ്.എഫ്.ഐ നേതാക്കൾ കോളേജിൽ അതിക്രമിച്ച് കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തൽ തുടരുകയായിരുന്നു. ഇന്നലെ രാവിലെ മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് പ്രകടനത്തിന് അനുമതി തേടി എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾ പ്രിൻസിപ്പലിനെ സമീപിച്ചു. ഇതേവിഷയത്തിൽ ചൊവ്വാഴ്ചയും പ്രകടനവും കോളേജിൽ സംഘർഷവും ഉണ്ടായിരുന്നു. ഇന്നലെ പ്രകടനം നടത്താൻ അനുമതി ചോദിച്ചപ്പോൾ സംഘടനാ പ്രവർത്തനം നിരോധിച്ച കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ അനുമതി നിഷേധിച്ചു. ഇതോടെ അപേക്ഷ പ്രിൻസിപ്പലിന്റെ മുന്നിൽ വച്ച് വലിച്ച് കീറി എറിഞ്ഞശേഷം ഭീഷണി മുഴക്കി. ഇതിനുശേഷം ക്ലാസ് മുറികളിലേക്ക് പോയി വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് വലിച്ചിറക്കാൻ തുടങ്ങി. തടയാനെത്തിയ പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപകർക്ക് നേരെ വീണ്ടും അസഭ്യവർഷത്തോടൊപ്പം വധഭീഷണിയും മുഴക്കുകയായിരുന്നു.
അക്രമസംഭവങ്ങളെ തുടർന്ന് പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്ന് കുറ്റക്കാരായ എസ്.എഫ്.ഐ നേതാക്കളെ സസ്പെൻഡ് ചെയ്യാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് പുറമെ കോളേജിലേക്ക് അതിക്രമിച്ച് കയറിയ എസ്.എഫ്.ഐ ജില്ലാ നേതാവ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് കോളേജ് അധികൃതർ പരാതിയും നൽകി. ശ്രീനാരായണ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ ജില്ലാ നേതാവുമായ വിദ്യാർത്ഥി എസ്.എൻ കോളേജിലെത്തി നിരന്തരം പ്രശ്നം സൃഷ്ടിക്കുന്നതായി കോളേജ് അധികൃതർ ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. ലീഗൽ സ്റ്റഡീസിൽ മര്യാദക്കാരനായ വിദ്യാർത്ഥി എസ്.എൻ കോളേജിലെത്തിയാൽ അദ്ധ്യാപകരെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നാണ് കോളേജ് അധികൃതർ പറയുന്നത്. ഇന്നലെ ഒന്നാം വർഷ ഡിഗ്രി ക്ളാസ് തുടങ്ങുന്ന ദിവസം തന്നെ കോളേജിൽ സംഘർഷാന്തരീക്ഷം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമമാണുണ്ടായതെന്നാണ് കരുതുന്നത്. കോളേജ് കാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വിദ്യാർത്ഥി നേതാക്കൾ നിരന്തരം ലംഘിച്ച് കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കാനുള്ള നീക്കത്തെ കോളേജ് അധികൃതരും മാനേജ്മെന്റും ഗൗരവമായെടുത്തതായാണ് സൂചന. കോളേജ് മാനേജർ വെള്ളാപ്പള്ളി നടേശനെ ഇന്നലെ കോളേജ് അധികൃതർ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് നിരന്തരം ലംഘിക്കുകയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സമാധാനപരമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഇല്ലാതാക്കുന്നതിനുമെതിരെ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായാണ് സൂചന.