കുളത്തൂപ്പുഴ: തിരുവനന്തപുരം - ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ മൂടു ദ്രവിച്ച് ഉറപ്പില്ലാതെ റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന മരങ്ങൾ അപകട ഭീഷണിയാകുന്നു. നെടുവന്നൂർക്കടവ് മുതൽ തെന്മല വരെയുള്ള ഭാഗമാണ് അപകട മേഖലയായി മാറിയത്. മഴക്കാലം ആരംഭിച്ചതോടെ ഏതു നിമിഷവും കട പുഴകി വീഴാമെന്ന അവസ്ഥയിലാണ് മരങ്ങൾ നിൽക്കുന്നത്. ഒാട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഒാട്ടോഡ്രൈവർ മരിച്ചത് ഉൾപ്പെടെ നിരവധി അപകടങ്ങളാണ് ഈയടുത്ത കാലത്ത് നടന്നത്. കഴിഞ്ഞദിവസം കുളത്തൂപ്പുഴ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘം അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊലീസ് വാഹനം കടന്ന് പോയി നിമിഷങ്ങൾക്കകം കൂറ്റൻ മരം റോഡിലേക്ക് നിലം പതിക്കുകയായിരുന്നു. കുറച്ച് സമയം ഗതാഗതം തടസപ്പെട്ടെങ്കിലും പൊലീസും യാത്രക്കാരും മരം നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. അപകടകരമായി നിൽക്കുന്ന മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റുമെന്ന കളക്ടറുടെ ഉറപ്പ് നിലനിൽക്കവേയാണ് അന്തർ സംസ്ഥാന പാതയിൽ അപകടകരമായി മരങ്ങൾ നിൽക്കുന്നത്.