കരുനാഗപ്പള്ളി: അവശ്യസാധനങ്ങൾ വിലകുറച്ച് റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ശബരി ഉല്പന്നങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കരുനാഗപ്പള്ളി സപ്ലൈകോയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റേഷൻ കടകളുടെ നവീകരണവും വൈവിധ്യവൽക്കരണവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതു വിതരണ രംഗത്ത് സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നതുമൂലം പൊതു വിപണിയിൽ അരി ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില പിടിച്ച് നിർത്താൻ കഴിയുന്നു. റേഷൻ സാധനങ്ങൾ പൂർണ്ണമായും വിതരണം ചെയ്യാൻ റേഷൻ വ്യാപാരികൾ ശ്രദ്ധിക്കണം. റേഷൻ വാങ്ങാത്തവരെ വിവരം അറിയിച്ച് റേഷൻ സാധനങ്ങൾ വാങ്ങിപ്പിക്കുന്നതിൽ വ്യാപാരികൾ പ്രത്യേക ശ്രദ്ധ നൽകണം.
സപ്ലൈകോയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഗൃഹോപകരണങ്ങൾ വില്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും മന്തി പറഞ്ഞു. ശബരി ഉല്പന്നങ്ങളുടെ ആദ്യ വില്പന നഗരസഭാ വൈസ് ചെയർമാൻ ആർ.രവീന്ദ്രൻപിള്ള നിർവഹിച്ചു. ആർ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ സി.വിജയൻപിള്ള, ടി.അജിതകുമാരി, പാർട്ടി നേതാക്കളായ പി.കെ.ബാലചന്ദ്രൻ, ജെ.ജയകൃഷ്ണപിള്ള, എ.വിജയൻ, എസ്.കൃഷ്ണൻകുട്ടി, രാജു പണ്ടകശാല, പി.രാജു എന്നിവർ പ്രസംഗിച്ചു. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.എൻ.സതീഷ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ആർ.അനിൽരാജ് നന്ദിയും പറഞ്ഞു.