കൊട്ടിയം: കുളവാഴയും മാലിന്യവും നിറഞ്ഞ അയത്തിൽ ബൈപാസ് ജംഗ്ഷനിലെ ആറ് വൃത്തിയാക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ആറിന്റെ ഒരു ഭാഗത്തെ കുളവാഴകൾ നീക്കിയെങ്കിലും അയത്തിൽ ജംഗ്ഷൻ മുതലുള്ള ഭാഗം തൊട്ടിട്ടില്ല. കോർപ്പറേഷന്റെ കിളികൊല്ലൂർ സോണിന്റെ പരിധിയിലുള്ള പ്രദേശത്തെ കുളവാഴകളാണ് നീക്കം ചെയ്യാത്തത്.
കുളവാഴകൾ നീക്കം ചെയ്യാത്തതിനാൽ ഈ ഭാഗത്ത് മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചു. ഇതോടെ പ്രദേശത്ത് അസഹനീയമായ ദുർഗന്ധം വമിക്കുകയും കൊതുകുകൾ പെറ്റുപെരുകുകയുമാണ്. ദുർഗന്ധം കാരണം ബസ് സ്റ്റോപ്പിലെത്തുന്നവർ മൂക്കുപൊത്തി നിൽക്കേണ്ട സ്ഥിതിയാണുള്ളത്. പ്രദേശത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുമെന്ന ഭയത്തിലാണ് നാട്ടുകാർ.
ആറ് വൃത്തിയാക്കുന്നതിനായി കോർപ്പറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ പലതവണ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മഴയുടെ പേര് പറഞ്ഞ് പ്രശ്നത്തിൽ നിന്ന് അധികൃതർ തലയൂരുകയാണുണ്ടായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നഗരസഭ ജനങ്ങളെ പറ്റിക്കുന്നു
കുളവാഴകളും മാലിന്യവും വൃത്തിയാക്കാമെന്ന് ഉറപ്പ് നൽകിയ കോർപ്പറേഷൻ അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിറുത്തിവച്ച് ജനങ്ങളെ പറ്റിക്കുകയാണ്. കോർപ്പറേഷൻ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ഒപ്പുശേഖരണം നടത്തുകയും പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.
അയത്തിൽ നിസാം
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി