മീറ്ററിടാത്ത 32 ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തി
കൊല്ലം: മോട്ടോർ വാഹന വകുപ്പ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധിത എയർഹോൺ ഘടിപ്പിച്ച 28 ബസുകൾക്കും മീറ്ററിടാതെ ഓടിയ 32 ഓട്ടോറിക്ഷകൾക്കും പിഴ ചുമത്തി.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായിരുന്നു മീറ്റർ പരിശോധന. തിങ്കളാഴ്ച നടന്ന പരിശോധനയിൽ 22 ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തിയിരുന്നു. വൈകിട്ട് 3.30 മുതൽ ആറ് വരെ ചിന്നക്കട പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ക്ലോക്ക് ടവർ, ആണ്ടാമുക്കം എന്നിവിടങ്ങളിലായിരുന്നു സ്വകാര്യ ബസുകളിലെ എയർഹോൺ പരിശോധന. 109ഓളം വാഹനങ്ങളിൽ പരിശോധന നടത്തി. പിടികൂടിയ വാഹനങ്ങൾ എയർഹോണുകൾ മാറ്റി ശനിയാഴ്ച ഹാജരാക്കണമെന്ന നിർദ്ദേശത്തിൽ വിട്ടയച്ചു.
നഗരത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ശരത്ചന്ദ്രൻ പറഞ്ഞു.