f
പരുത്തിയറയിലെ ഇലവുമരം

ഓടനാവട്ടം: കൊട്ടാരക്കര - ഒായൂർ റൂട്ടിൽ പരുത്തിയറ എസ്.എൻ.ഡി.പി യോഗം ശാഖാമന്ദിരത്തോടും ഗുരുക്ഷേത്രത്തോടും ചേർന്ന് പി.ഡബ്ലിയു.ഡി റോഡരികിൽ നിൽക്കുന്ന 80 വർഷത്തോളം പഴക്കമുള്ള വലിയ ഇലവുമരം അപകട ഭീഷണിയാകുന്നു. വലിയ ഇലവുമരത്തിന്റെ ചില്ലകൾ ഒടിഞ്ഞുവീണ് സമീപത്തെ വീടുകൾക്കും കടകൾക്കും നിരവധി തവണ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വർഷങ്ങളായി അപകടകരമായി നിൽക്കുന്ന മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും സന്നദ്ധസംഘടനകളും അധികൃതർക്ക് പല തവണ പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. അപകടാവസ്ഥയിൽ നിൽക്കുന്ന മരം എത്രയും പെട്ടെന്ന് മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വലിയ ഇലവുമരം മുറിച്ചുമാറ്റണമെന്ന് വർഷങ്ങളായി സർക്കാരിനോടാവശ്യപ്പെടുന്നു.

അധികൃതരുടെ ഭാഗത്ത് നിന്ന് ഇനിയും നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും.

വി. സുധാകരൻ

പ്രവാസി, പൊതുപ്രവർത്തകൻ

 മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ പ‌ഞ്ചായത്തിനും വനം വകുപ്പിനും ഹരിത ട്രൈബ്യൂണലിനും പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. അപകടങ്ങളുണ്ടാവാനായി കാത്തിരിക്കാതെ മരത്തിന്റെ ശിഖരങ്ങളെങ്കിലും ഉടൻ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കണം.

എൻ. പ്രസാദ്, സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം പരുത്തിയറ ശാഖ

 വലിയ ഇലവുമരം പ്രദേശവാസികൾക്കും യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ചെറിയ കാറ്റിൽ പോലും മരത്തിന്റെ ചില്ലകൾ ഒടിഞ്ഞുവീഴുകയാണ്. എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണം.

എസ്. സുധാകരൻ, പ്രദേശവാസി

11 കെ.വി ഇലക്ട്രിക് ലൈൻ

അപകടകരമായി നിൽക്കുന്ന വലിയ ഇലവുമരത്തിന് സമീപത്ത് കൂടിയാണ് 11 കെ.വി ഇലക്ട്രിക് ലൈൻ കടന്നുപോകുന്നത്. ചെറിയ കാറ്റിൽ പോലും മരത്തിന്റെ ചില്ലകൾ ഓടിഞ്ഞുവീണ് വൈദ്യുതി തടസപ്പെടാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

അപകടം

ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് വലിയ ഇലവുമരത്തിന്റെ ചുവട്ടിലൂടെ കടന്നുപോകുന്നത്. മരത്തിന്റെ ചില്ലകൾ ഏതു നിമിഷം വേണമെങ്കിലും വാഹനങ്ങളുടെയോ കാൽ നടയാത്രക്കാരുടെയോ മുകളിലേക്ക് ഒടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. നിരവധി വിദ്യാർത്ഥികളും ഇതുവഴി ഇടതടവില്ലാതെ കടന്നു പോകുന്നുണ്ട്.

2005 മുതൽ പരാതി നൽകുന്നു

പ്രവാസിയും സമീപവാസിയുമായ പരുത്തിയറ അഞ്ജനത്തിൽ വി. സുധാകൻ 2005ൽ കൊട്ടാരക്കര പി.ഡബ്ലിയു.ഡി എൻജിനിയർക്ക് എത്രയും പെട്ടെന്ന് മരം മുറിച്ചുമാറ്റണം എന്ന് ആവശ്യപ്പെട്ട് രേഖാമൂലം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് സുധാകരന്റെ ഭാര്യ കാഞ്ചനമാല 2007ൽ ജില്ലാ കളക്ടർക്ക് വീണ്ടും പരാതി നൽകി. കളക്ടർ പരാതി കൊട്ടാരക്കര പി.ഡബ്ലിയു.ഡി എൻജിനിയർക്ക് ഫോ‌ർവേഡ് ചെയ്തു. എന്നാൽ മരം മുറിച്ച് മാറ്റാനുള്ള നടപടികളൊന്നും ഉണ്ടായില്ല.

വലിയ ഇലവുമരത്തിന്റെ പഴക്കം- 80 വർഷം