കരുനാഗപ്പള്ളി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യവിഭാഗത്തിന്റെയും പരിശോധനകൾ നാമമാത്രമായതോടെ കരുനാഗപ്പള്ളിയുടെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യം കലർന്ന മത്സ്യങ്ങളുടെ വിപണനം തകൃതി. ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി മത്സ്യലഭ്യത കുറഞ്ഞത് മറയാക്കിയാണ് വിഷാംശം കലർന്നതും അഴുകിയതുമായ മീൻ വിറ്റഴിക്കുന്നത്. ഇത്തരത്തിലുള്ള ധാരാളം ചെറുകിട വിപണന കേന്ദ്രങ്ങളാണ് കൂണുപോലെ മുളച്ചുപൊന്തുന്നത്.
കൊല്ലം. നീണ്ടകര, കായംകുളം മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നാണ് കരുനാഗപ്പള്ളിയിൽ മത്സ്യം എത്തിയിരുന്നത്. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ഇവിടെ നിന്നുള്ള വരവ് കുറഞ്ഞു. ഇതോടെയാണ് കന്യാകുമാരി, മംഗലാപുരം, ഗോവ, കുളച്ചൽ എന്നിവിടങ്ങളിൽ നിന്നുള്ള ഗുണമേന്മയില്ലാത്ത മീൻ എത്തിത്തുടങ്ങിയത്. കമ്മിഷൻ കടകൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വിപണനം. ഇവരുടെ സഹകരണത്തോടെ ചെറുകിട വ്യാപാരവും പൊടിപൊടിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ വ്യാപരമാണ് ഇവ കേന്ദ്രീകരിച്ച് നടക്കുന്നത്.
ദേശീയപാതയോരത്തും ഗ്രാമീണ പ്രദേശങ്ങളിലുമൊക്കെ ഇത്തരം പെട്ടിക്കടകൾ പ്രവർത്തിക്കുന്നു. എന്നാൽ ഇവിടെ നിന്ന് ലഭിക്കുന്ന മീനിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള നടപടികൾ മാത്രം ഉണ്ടാകുന്നില്ല. ഗത്യന്തരമില്ലാത്തതിനാൽ ഉപഭോക്താക്കളും ഇവരെ ആശ്രയിക്കുകയാണ്. ദേശീയപാതയിലൂടെ വാഹനങ്ങളിൽ പോകുന്നവരാണ് ഇത്തരക്കാരുടെ വലയിൽ വീഴുന്നത്. ദീർഘയാത്രക്കിടെ മീൻ വാങ്ങി വീട്ടിൽ കൊണ്ട് പോയി പാകം ചെയ്യുമ്പോഴാണ് അബദ്ധം പറ്റിയത് മനസിലാകുന്നത്. ഇവ ഭക്ഷിച്ചാൽ ഉണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല.
ജനങ്ങളെ പറ്റിക്കാൻ പല വഴി
ഒരാഴ്ചവരെ പഴക്കമുള്ള മത്സ്യം പലയിടങ്ങളിലും വിറ്റഴിക്കുന്നുണ്ട്. ഇതിനായി ഉപയോഗിക്കുന്നതാകട്ടെ മാരകമായ രാസ വസ്തുക്കളും. ഇവ തളിച്ച് ഐസ് കട്ടകൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന മീൻ കണ്ടാൽ ആരും 'ഫ്രഷ് " ആണെന്ന് തെറ്റിദ്ധരിച്ചുപോകും. മേമ്പൊടിയായി മീനിന് മുകളിൽ അൽപ്പം മണൽകൂടി വിതറിയാൽ തട്ടിപ്പിനുള്ള അടുത്ത മാർഗവും തയാർ. ഇടക്കിടെ മീനിന്റെ ചെകിള വിടർത്തി വെള്ളം ഒഴിച്ച് നനയ്ക്കും. ഇതുംകൂടിയാകുമ്പോൾ സാധാരണക്കാർക്ക് മീനിന്റെ പഴക്കം മനസിലാകില്ല.
പരിശോധന തോന്നിയപോലെ
വിഷാംശകലർന്ന മത്സ്യത്തിന്റെ വിപണനം തടയാൻ നടപടികൾ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും ഒന്നും നടക്കുന്നില്ല എന്നതാണ് വസ്തുത. ഇത് വിൽപ്പനക്കാർക്കും ബോദ്ധ്യമുണ്ട്. ഉപഭോക്തൃ സംഘടനകളുടെ പരാതികൾ ഏറുമ്പോൾ മാത്രമാണ് വഴിപാട് പോലെ ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തുന്നത്. ഇത് മണത്തറിയുന്ന കച്ചവടക്കാർ പരിശോധനയ്ക്ക് മുമ്പായി കടകളിലെ പഴക്കം ചെന്ന മീനുകൾ പൂർണ്ണമായും നീക്കം ചെയ്തിരിക്കും. ഈ സ്ഥാനത്ത് ഗുണ നിലവാരം ഉള്ളതും പഴക്കം ഇല്ലാത്തതുനായ മത്സ്യങ്ങൾ സ്ഥാനം പിടിക്കും.
ട്രോളിംഗ് നിരോധനത്തിന് ശേഷം മായം കലർന്ന മത്സ്യവിപണനം വ്യാപകമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ആഴ്ചകൾ പഴക്കമുള്ള മത്സ്യങ്ങളാണ് വിറ്റഴിക്കുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധന ഇല്ലെന്ന് തന്നെ പറയാം. ഉപഭോക്താക്കൾ ചതിയിൽപ്പെടുകയാണ്. ഇതിനെതിരെ പരിശോധന വ്യാപകമാക്കണം.
കുന്നേൽ രാജേന്ദ്രൻ, ഉപഭോക്തൃസമിതി
അംഗം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി
കരുതിയിരിക്കാം ഈ പ്രശ്നങ്ങളെ
#ഫോർമാലിൻ ഉപയോഗിച്ച മീൻ സ്ഥിരമായി കഴിക്കുന്നവരിൽ വൃക്കരോഗത്തിന് കാരണമാകും
#രാസവസ്തുക്കൾ അടങ്ങിയ മൽസ്യം പതിവായി ഉപയോഗിച്ചാൽ ദഹന വ്യവസ്ഥ, കരൾ, വൃക്ക, നാഡീവ്യൂഹം എന്നിവ പ്രവർത്തനം തകരാറിൽ
#സോഡിയം ബെൻസോസൈറ്റിന്റെ ഉപയോഗം കാൻസർ മുതൽ ജനിതക വൈകല്യം വരെ ഉണ്ടാക്കും
#പാർക്കിങ്ങ്‌സൺ, അകാല വാർദ്ധക്യം തുടങ്ങി കോശങ്ങളുടെ നേരിട്ടുള്ള നാശത്തിലേക്കും വഴിതെളിക്കും
#ശരീരത്തിന്റെ പ്രതിരോധ ശേഷി ഇല്ലാതാക്കുന്നതിലേക്കും ബെൻസോസൈറ്റിന്റെ പ്രവർത്തനം കാരണമാവും
തിരിച്ചറിയാം നല്ല മത്സ്യങ്ങളെ
#ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെളിച്ചമുള്ളതുമായ കണ്ണുകളായിരിക്കും.
#തിളക്കമില്ലാതെ കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ പഴകിയ മീനിന്റേതാണ്
#ചെകിളപ്പൂവു നോക്കണം. നല്ല രക്തവർണമാണെങ്കിൽ മീൻ പഴകിയിട്ടില്ല എന്നതിന്റെ സൂചനയാണ്
#ആന്തരികാവയവങ്ങൾ നീക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്
#മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണ്. മീൻ ചീത്തയാണെങ്കിൽ വിരലമർത്തുമ്പോൾ മാസം താണു പോകും
#ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും.