കൊല്ലം: നഗരം സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പാർക്കുകളുടെ നവീകരണം അവസാന ഘട്ടത്തിലെത്തി. നെഹ്റു പാർക്ക് , ടി.കെ. ദിവാകരൻ സ്മാരക പാർക്ക് എന്നിവയുടെ നവീകരണമാണ് നിലവിൽ പുരോഗമിക്കുന്നത്. ടി.കെ. ദിവാകരൻ സ്മാരക പാർക്കിന്റെ ടർഫിംഗ് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. പാർക്കുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ കൊല്ലം നിവാസികൾക്ക് അവധി ദിവസങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സൗഹൃദക്കൂട്ടായ്‌മകളിൽ പങ്കെടുക്കാനും കൃത്യമായ സ്ഥലമില്ലെന്ന പരാതിക്ക് പരിഹാരമാകും. കോർപ്പറേഷൻ വളപ്പിൽ തന്നെയുള്ള മറ്റൊരു പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇവിടെ ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം മരങ്ങൾക്ക് ചുറ്റും ഉയരത്തിൽ സിമന്റ് കെട്ടി ടെെൽസ് പാകി സന്ദർശകർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി കളിക്കോപ്പുകൾ, ഊഞ്ഞാലുകൾ തുടങ്ങിയവയും സജ്ജീകരിക്കും.
സി.സി.ടി.വി കാമറ സ്ഥാപിക്കും
പാർക്കുകളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം സി.സി.ടി.വി ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കാനാണ് അധികൃതരുടെ തീരുമാനം. രാത്രി കാലങ്ങളിലെ സാമൂഹ്യ വിരുദ്ധരുടെ ശല്യവും മാലിന്യ നിക്ഷേപവും പാർക്കുകളുടെ നടത്തിപ്പിനെ സാരമായി ബാധിക്കുമെന്നതിനാലാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്.
കാടുമൂടിയ സ്ഥലത്ത് പാർക്ക്
ആശ്രാമം കൈംബ്രാഞ്ച് ഓഫീസിനും ട്രാഫിക് പൊലീസ് സ്‌റ്റേഷനുമിടയിൽ കാടുമൂടിയ സ്ഥലം വൃത്തിയാക്കി പാർക്കാക്കി മാറ്റിയിട്ടുണ്ട്. പുൽത്തകിടികളുടെ പരിപാലനത്തിനായി ജലസേചന സൗകര്യം, സന്ദർശകർക്കായി കോഫി ഹൗസ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പാർക്കുകളിൽ സജ്ജമാക്കും.
നെഹ്റു പാർക്ക്
നാളുകളായി അവഗണിക്കപ്പെട്ട് കിടന്ന നെഹ്റു പാർക്കിൽ ഇപ്പോൾ ഇരിപ്പിടങ്ങളും പൂന്തോട്ടങ്ങളും ഉൾപ്പെടെയുള്ളവ സജ്ജീകരിക്കുകയാണ്. ടെെലുകൾ പാകി തറയും മനോഹരമാക്കിയിട്ടുണ്ട്. ഇതിനൊപ്പം നിർമ്മിക്കുന്ന അലങ്കാര വിളക്കുകളും പുൽത്തകിടികളും പാർക്കിന്റെ സൗന്ദര്യം വർദ്ധിപ്പിക്കും.
പാർക്കുകളുടെ നവീകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കും. പാർക്കുകൾ റെഡിയാകുന്നതോടെ ഇരുന്ന് വിശ്രമിക്കാനും വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാനും നഗരത്തിൽ ഇടമില്ലെന്നുള്ള ജനങ്ങളുടെ പരാതിക്ക് പരിഹാരമാകും.
വി.എസ്. പ്രിയദർശനൻ, നഗരാസൂത്രണകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ