c
ബൈപ്പാസ്

കൊല്ലം:നഗരത്തിലെ മരണവഴിയായി മാറിയ കൊല്ലം ബൈപ്പാസിനെ അപകടമുക്തമാക്കാൻ 7.85 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ബൈപ്പാസിൽ അപകടങ്ങൾ നിത്യസംഭവമാകുന്നത് ചൂണ്ടിക്കാട്ടി എം. നൗഷാദ് എം.എൽ.എ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ജി. സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.

352 കോടി ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുത്തതിന്റെ തൊട്ടടുത്ത ദിവസം മുതൽ അപകടങ്ങളും മരണങ്ങളും പതിവാകുകയായിരുന്നു. ഇന്നലെവരെ ചെറുതും വലുതുമായ 70 ഓളം അപകടങ്ങളാണ് നടന്നത്. പത്ത് പേർ മരണമടഞ്ഞു. ഇതിൽ മൂന്നുപേർ കൂരീപ്പുഴ സ്വദേശികളായ കാൽനടയാത്രക്കാരാണ്.

56 ഇടറോഡുകളാണ് ബൈപ്പാസിൽ വന്നുചേരുന്നത്. ബൈപ്പാസിലൂടെയും ഇടറോഡിലൂടെയും വരുന്ന വാഹനങ്ങളുടെ അമിത വേഗമാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇടറോഡുകൾ ചേരുന്നിടത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചാൽ അപകടങ്ങൾ ഒരുപരിധി വരെ കുറയ്ക്കാനാകും.

 തെരുവ് വിളക്ക്

അഞ്ച് ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റും പാലങ്ങളിൽ മാത്രം തെരുവ് വിളക്കുകളുമാണ് ബൈപ്പാസിന്റെ ഡി.പി.ആറിൽ ഉണ്ടായിരുന്നത്. ബൈപ്പാസ് ഉദ്ഘാടനത്തിന് രണ്ടാഴ്ച മുൻപ് ചേർന്ന അവലോകന യോഗത്തിൽ ബൈപ്പാസ് റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ മന്ത്രി ജി. സുധാകരൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ചുമതല കളക്ടർക്ക് നൽകുകയും ചെയ്തു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചരമാസമായിട്ടും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല.

സുരക്ഷാ സംവിധാനങ്ങൾ

ചെലവ് : 2.69 കോടി

സ്പീഡ് ലിമിറ്റ് ബോർഡുകൾ: 8

നോ പാർക്കിംഗ്/ നോ ഓവർടേക്കിംഗ് ബോർഡുകൾ: 26 നിരീക്ഷണ കാമറകൾ: 23 ,

സ്പീഡ് കാമറകൾ: എട്ട്

ബൈപ്പാസിൽ പൂർണമായും തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള 5.16 കോടിയുടെ പദ്ധതിക്ക് കെൽട്രോണുമായി കരാർ നൽകിയിട്ടുണ്ട്. നാല് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കും

മന്ത്രി ജി. സുധാകരൻ

 അഞ്ചര മാസത്തിനിടെ

70 അപകടങ്ങൾ

10 മരണം

66 പേർക്ക് പരിക്ക്