കൊല്ലം: ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും നാളെ മുതൽ ഇ-പോസ് യന്ത്രങ്ങൾ വഴി നികുതിയും ഫീസുകളും അടയ്ക്കാം. എ.ടി.എം /ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇ-പോസ് യന്ത്രത്തിലൂടെ പണമിടപാട് നടത്താം.
ഫെഡറൽ ബാങ്കാണ് ഇ-പോസ് യന്ത്രങ്ങൾ നൽകിയത്. യന്ത്രം വഴി ഫെഡറൽ ബാങ്കിന്റെ അക്കൗണ്ടിലെത്തുന്ന പണം നേരിട്ട് ട്രഷറിയിലേക്ക് പോകും. ഇടപാടുകാർക്ക് വില്ലേജ് ഓഫീസിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന രസീതിന് പുറമെ ഇ-പോസ് യന്ത്രത്തിൽ നിന്ന് പ്രത്യേക രസീത് ലഭിക്കും.
ബാക്കി നൽകാൻ ചില്ലറയില്ലാത്തതിന്റെ പേരിൽ വില്ലേജ് ഓഫീസുകളിൽ ജീവനക്കാരുമായി തർക്കങ്ങൾ പതിവാണ്. യന്ത്രം വരുന്നതോടെ ചില്ലറ പ്രശ്നം ഒഴിവാകും. ഇതിന് പുറമെ പണം ട്രഷറിയിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കുള്ള ബുദ്ധിമുട്ടും ഒഴിവാകും. നികുതിയിനത്തിൽ ലഭിക്കുന്ന പണം തൊട്ടടുത്ത ദിവസം തന്നെ ട്രഷറിയിൽ നിക്ഷേപിക്കണമെന്നാണ് ചട്ടം. അയ്യായിരം രൂപയിൽ താഴെയാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ അടച്ചാൽ മതി. ഇ-പോസ് യന്ത്രം വരുന്നതോടെ ഉദ്യോഗസ്ഥരുടെ എല്ലാദിവസത്തെയും ട്രഷറിയിൽ പോക്കും ഒഴിവാകും.
നിലവിൽ ഓൺലൈനായി വില്ലേജ് ഓഫീസുകളിൽ നികുതിയും ഫീസും ശേഖരിക്കുന്നുണ്ട്. ഇതിനുള്ള കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ചാണ് ഇ- പോസ് യന്ത്രങ്ങളുടെയും പ്രവർത്തനം. എല്ലാവരും ഓൺലൈൻ, കാർഡ് ഇടപാടുകളിലേക്ക് മാറിയാൽ വില്ലേജ് ഓഫീസുകൾ പൂർണമായും കറൻസി രഹിതമാക്കും. ഇന്ന് നടക്കുന്ന പരിശീലനത്തിന് ശേഷം ജില്ലയിലെ 105 വില്ലേജുകൾക്കും ഓരോ ഇ- പോസ് യന്ത്രം വീതം വിതരണം ചെയ്യും. നാളെ മുതൽ യന്ത്രം വഴി ഇടപാട് തുടങ്ങും.