കൊട്ടാരക്കര: വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഇന്നലെ പുലർച്ചെ കൊട്ടാരക്കര വെണ്ടാറിലാണ് നാടിനെ നടുക്കിയ സംഭവം. കോട്ടാത്തല ഏറത്ത് ജംഗ്ഷൻ ഓരനല്ലൂർ (പ്ളാക്കുഴി) വീട്ടിൽ രാജൻ-ശാന്ത ദമ്പതികളുടെ മകൾ സ്മിത ദീപേഷാണ് (34)കൊല്ലപ്പെട്ടത്. സ്മിതയുടെ ഭർത്താവ് ദീപേഷ് ഖത്തറിലാണ്. കിളികൊല്ലൂർ കാഞ്ഞിരക്കാട്ട് മേലതിൽ സത്യവ്രതൻ-ലതിക ദമ്പതികളുടെ മകൻ സനീഷാണ് (32) ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയത്. മീയണ്ണൂരിലെ സ്വകാര്യ കമ്പനിയിലെ ജെ.സി.ബി ഓപ്പറേറ്ററാണ് സനീഷ്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് :സനീഷ് തന്റെ ഭർത്താവിന്റെ മാതൃസഹോദരിയുടെ മകനാണെന്നാണ് സ്മിത മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ദീപേഷ് വിദേശത്ത് പോകുമ്പോഴും അല്ലാത്തപ്പോഴും സനീഷ് ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. കോട്ടാത്തല ജംഗ്ഷനിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്മിതയും മക്കളും അടുത്തിടെയാണ് വെണ്ടാറിലേക്ക് താമസം മാറിയത്. ബുധനാഴ്ച വൈകിട്ടോടെ സനീഷ് ഇവരുടെ വീട്ടിലെത്തി. അടുത്ത ഞായറാഴ്ച സനീഷിന്റെ വിവാഹ നിശ്ചയം നടക്കാനിരുന്നതാണ്. ഇതേച്ചൊല്ലി സ്മിതയും സനീഷുമായി വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു. കുട്ടികളുടെ മുന്നിൽവച്ചാണ് ഇരുവരും ഉന്തുംതള്ളുമൊക്കെ ഉണ്ടായത്. പിന്നീട് കുട്ടികൾ ഉറങ്ങാൻ കിടന്നശേഷമാണ് കൊലപാതകം നടന്നത്. സ്മിതയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്.
പുലർച്ചെ 6 മണിയോടെ സ്മിതയുടെ കൂട്ടുകാരിയായ കോട്ടാത്തല സ്വദേശിനിയെ സനീഷ് ഫോണിൽ വിളിക്കുകയും സ്മിതയ്ക്ക് സുഖമില്ലെന്നും പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിൽപ്രകാരം കൂട്ടുകാരിയും ഭർത്താവും ബൈക്കിൽ സ്മിതയുടെ വാടകവീട്ടിലെത്തി. പുറത്ത് നിന്നു പൂട്ടിയിരുന്നെങ്കിലും താക്കോൽ കതകിൽത്തന്നെ ഉണ്ടായിരുന്നു. സനീഷ് സ്ഥലത്തുണ്ടായിരുന്നില്ല. കൂട്ടുകാരിയും ഭർത്താവും വീട് തുറന്ന് അകത്ത് കടന്നപ്പോൾ കട്ടിലിൽ സ്മിതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരെയും സ്മിതയുടെ ബന്ധുക്കളെയും വിളിച്ചുവരുത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊലപാതകമെന്ന സൂചന ലഭിച്ചതിനാൽ സനീഷിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടങ്ങി. 9.45 ഓടെയാണ് കൊല്ലത്ത് ഫാത്തിമ കോളേജിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ സനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സനീഷിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 5ന് സംസ്കരിക്കും. ദീപേഷ് ഇന്ന് രാവിലെ ഖത്തറിൽ നിന്നും എത്തിയശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കോട്ടാത്തല ഏറത്ത് ജംഗ്ഷനിലെ വീട്ടുവളപ്പിൽ സ്മിതയുടെ മൃതദേഹം സംസ്കരിക്കും.നിരഞ്ജൻ, നീരജ് എന്നിവർ മക്കളാണ്. സനീഷിന്റെ സഹോദരി: സനില.