കൊല്ലം: കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്തിൽ തേവള്ളിയിലെ ബാങ്ക് കോച്ചിംഗ് സെന്ററിൽ ഒരുസംഘം പ്രവർത്തകരെത്തി അക്രമം കാട്ടുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. കാറിലും രണ്ട് ബൈക്കുകളിലുമായി എത്തിയ എട്ടംഗസംഘം യാതൊരു മുന്നറിയിപ്പുമില്ലാതെ അക്രമം കാട്ടുകയായിരുന്നു. കസേരകൾ വലിച്ചെറിയുകയും പെൺകുട്ടികളടക്കമുള്ളവരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊഴിലധിഷ്ഠിത കോഴ്സ് നടത്തുന്ന സ്ഥാപനം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നാണ് സ്ഥാപന അധികൃതർ പറയുന്നത്. ഇതാദ്യമായാണ് സ്ഥാപനത്തിൽ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. സി.സി ടി.വി കാമറ ദൃശ്യങ്ങളും അക്രമികൾ എത്തിയ വാഹനങ്ങളുടെ നമ്പരും സഹിതം പൊലീസിൽ പരാതി നൽകി.