# ചാത്തന്നൂർ പഞ്ചായത്ത് പറയുന്നത് മുട്ടാപ്പോക്ക് ന്യായങ്ങൾ
കൊല്ലം: മുൻ അന്തർദ്ദേശീയ കായികതാരത്തിന് ഹൈക്കോടതിയിൽ നിന്ന് അനുമതിയുണ്ടായിട്ടും ചാത്തന്നൂർ പഞ്ചായത്ത് അധികൃതർ കെട്ടിട നിർമ്മാണാനുമതി നിഷേധിക്കുന്നതായി പരാതി. ആന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചാത്തന്നൂർ പഞ്ചായത്ത് അധികൃതരുടെ പ്രതികാര നടപടി പുറത്തായത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം ഭാഗീരഥി ഭവനത്തിൽ ജി.ആർ ശ്യാംകുമാർ മീനാട് വില്ലേജിലെ മൂന്ന് സെന്റ് വസ്തുവിൽ നിർമ്മിക്കുന്ന കെട്ടിടത്തിനുള്ള അനുമതിയാണ് വെറും മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി അധികൃതർ നിഷേധിക്കുന്നത്.
മുൻ അന്തർദ്ദേശീയ ലോംഗ്ജംബ് താരവും കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി നിരവധി ദേശീയ, അന്തർദ്ദേശീയ കായികമത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും മെഡൽ നേട്ടം കൈവരിക്കുകയും ചെയ്തയാളാണ് ശ്യാംകുമാർ.
2010 ൽ നൽകിയ അപേക്ഷയിൽ കെട്ടിട നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നു. എന്നാൽ 2011 മുതൽ 2014 വരെ ഇന്ത്യൻ അത്‌ലറ്റിക് ടീമിനായി ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പ്, ലോക ഇൻഡോർ മീറ്റ്, ഏഷ്യൻഗെയിംസ്, തുടങ്ങിയ മത്സരങ്ങളുടെ പരിശീലകനായി അന്യസംസ്ഥാനങ്ങളിലും വിദേശത്തും ആയിരുന്നതിനാൽ നിർമ്മാണം തുടങ്ങാനായില്ല. 2017 ജൂലായിൽ വീണ്ടും അപേക്ഷ സമർപ്പിച്ച് അനുമതി നേടി കെട്ടിട നിർമ്മാണം തുടങ്ങിയപ്പോൾ അപ്രതീക്ഷിതമായി പഞ്ചായത്ത് നിർമ്മാണം വിലക്കി. സ്ഥലം തോട് പുറമ്പോക്കാണെന്ന പരാതിയിലായിരുന്നു ഇത്. എന്നാൽ താലൂക്ക് സർവെയറും ഭൂരേഖ തഹസീൽദാറും നേരിട്ടെത്തി അളന്ന് അതിർത്തി നിർണയിച്ച് കല്ലിട്ടു. വസ്തുവിൽ പുറമ്പോക്കില്ലെന്ന് വ്യക്തമായെങ്കിലും പഞ്ചായത്ത് അധികൃതർ അനുമതി നൽകിയില്ല. തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു. എന്നാൽ കോടതി ഉത്തരവിനെ മാനിയ്ക്കാതെ വസ്തുവിന്റെ തോട് സൈഡിൽ 2 മീറ്റർ വഴിയ്ക്കായി സ്ഥലം വിട്ടു നൽകിയാൽ ഉടൻ അനുമതി നൽകാമെന്നാണ് ഇപ്പോൾ പറയുന്നത്. തുടർന്ന് കോടതി അലക്ഷ്യത്തിന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ പഞ്ചായത്ത് ആദ്യം അനുമതി നൽകിയ കെട്ടിടത്തിന്റെ പ്ളാനിൽ അപാകതയുണ്ടെന്ന് വ്യാഖ്യാനിച്ച് തടസ്സവാദം ഉന്നയിക്കുകയാണെന്ന് പരാതിക്കാരൻ പറയുന്നു.
കെട്ടിട നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആൾക്കാർ സ്ഥലം പുറമ്പോക്കെന്ന് പറഞ്ഞ് കൊടികുത്തിയിരുന്നു. പുറമ്പോക്കല്ലെന്ന് വ്യക്തമായതോടെയാണ് കൊടി ഇളക്കി മാറ്റിയത്. പട്ടികജാതിക്കാരൻ കൂടിയായ തന്നോട് പഞ്ചായത്തധികൃതർ കാട്ടുന്ന ക്രൂരതയ്ക്കെതിരെ എന്ത് ചെയ്യണമെന്നറിയാതെ വിഷമവൃത്തത്തിലാണ് ശ്യാംകുമാർ.