ഓച്ചിറ: അടച്ചുറപ്പുള്ള ഒരു വീടെന്ന രാജന്റെ സ്വപ്നം സഫലമായെങ്കിലും അത് കാണാൻ ഇന്ന് രാജനില്ല. കഴിഞ്ഞ വെള്ളപ്പൊക്കകാലത്ത് വെള്ളത്താൽ ചുറ്റപ്പെട്ട് നിലംപതിക്കാറായ വീട്ടിൽ ജീവഭയത്തോടെയാണ് രാജനും ഭാര്യ കൃഷ്ണകുമാരിയും ഏക മകനും കഴിഞ്ഞിരുന്നത്. കൃഷ്ണകുമാരിക്ക് വെള്ളത്തിലൂടെ വന്ന ഇഴജന്തുവിന്റെ കടിയേറ്റതോടെയാണ് കുടുംബത്തിന്റെ ദുരിതജീവിതം പുറംലോകം അറിഞ്ഞത്.
പല തവണ അപേക്ഷിച്ചെങ്കിലും ചുവരുകൾ പലകകൊണ്ടു മറച്ചതായതിനാൽ സർക്കാർ പദ്ധതിയിൽപ്പെടുത്തി വീടുനൽകാനാവില്ലെന്ന നിലപാടിലായിരുന്നു അധികൃതർ.
ഈ സന്ദർഭത്തിലാണ് ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റി വീട് നിർമ്മിച്ചു നൽകാൻ മുന്നോട്ട് വന്നത്. സി.ആർ മഹേഷ് രക്ഷാധികാരിയായും ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്. എം. ഇക്ബാൽ ചെയർമാനായും ആർ. സുധാകരൻ ചെയർമാനായും എം.പി. സുരേഷ്ബാബു വൈസ് ചെയർമാനായുമുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മാണം തുടങ്ങി. ലാന്റ്മാർക്ക് കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു വീടിന്റെ നിർമ്മാണ ചുമതല. ആറു ലക്ഷം രൂപ ചെലവായി.
2018 സെപ്റ്റംബർ ആറിന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ വീടിന് കല്ലിട്ടു. പക്ഷേ, പണി പുരോഗമിക്കവേ ജനുവരി 31ന് രാജൻ കുഴഞ്ഞുവീണ് മരിച്ചു. കല്ലേശ്ശേരിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാട് കൂടിയായിരുന്നു രാജൻ. രാത്രി 10 മണിയോടെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വയലിൽ പറയ്ക്ക് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാജനെ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുറ്റിയേടത്ത് മുക്കിന് സമീപം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
നാളെ രാവിലെ പതിനൊന്നു മണിക്ക് പുതിയ വീടിന്റെ താക്കോൽ രാജന്റെ വിധവ കൃഷ്ണകുമാരിക്ക് നൽകുന്ന ചടങ്ങ് മുൻ എം. പി കെ.സി. വേണുഗോപാൽ നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ തുടങ്ങിയവർ പങ്കെടുക്കും.