അഞ്ചൽ:ഒരാഴ്ച്ചയ്ക്ക് മുമ്പ് കാണാതായ കമിതാക്കളെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. അമിത അളവിൽ ശരീരത്തിൽ ഇൻസുലിൻ മരുന്ന് കുത്തിവെച്ചാണ് ഇവർ അത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ചൽ മതുരപ്പ സ്വദേശി പ്രശോഭൻ (42), പനയഞ്ചേരി സ്വദേശി ദീപ (42) എന്നിവരെയാണ് മതുരപ്പ നാഗരാജ കാവിന് സമീപത്തെ റബർ തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ഇവരെ കാണാതായതിനെ തുടർന്ന് ഇരുവരുടെയും ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. വാഴാഴ്ച ഉച്ചയോടെയാണ് ഇവരെ അവശനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഇവരുടെ സമീപത്ത് നിന്ന് സിറിഞ്ചും സൂചികളും ഒഴിഞ്ഞ ഇൻസുലിൻ മരുന്ന് കുപ്പികളും കണ്ടത്തി. ഉടൻ തന്നെ ഇരുവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.