c
അപകടങ്ങൾ പതിവായ പശ്ചാത്തലത്തിൽ ബൈപ്പാസിൽ ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിന്റെ മേൽനോട്ടത്തിൽ ഇന്നലെ വിദഗ്ധ സംഘം പരിശോധന നടത്തിയപ്പോൾ

കൊല്ലം: അപകടങ്ങൾ പതിവായ പശ്ചാത്തലത്തിൽ ബൈപ്പാസിൽ ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിന്റെ മേൽനോട്ടത്തിൽ ഇന്നലെ വിദഗ്ധ സംഘം പരിശോധന നടത്തി. റോഡ് സുരക്ഷാ അതോറിറ്റി, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി, പൊലീസ് എന്നീ വകുപ്പുകൾ സംയുക്തമായിട്ടായിരുന്നു പരിശോധന.
ബുധനാഴ്ച പുലർച്ചെ ആൽത്തറമൂട് ജംഗ്ഷനിൽ ചവറ സ്വദേശിയായ യുവാവ് ജലസ്റ്റിന്റെ മരണത്തിന് കാരണമായ അപകടമുണ്ടായ സ്ഥലത്ത് നിന്നാണ് പരിശോധന തുടങ്ങിയത്. നേരത്തെ അപകടങ്ങൾ നടന്ന സ്ഥലങ്ങളിലെത്തി കാരണങ്ങൾ വിശകലനം ചെയ്തു. പുതുതായി ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാകും മാറ്റങ്ങൾ വരുത്തുക.
എ.സി.പി എ.പ്രദീപ്കുമാർ, ആർ.ടി.ഒ വി.സജിത്, ദേശീയപാത ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.എ.ജയ, റോഡ് സുരക്ഷാ അതോറിറ്റി ഡയറക്ടർമാരായ നിജു അഴകേശൻ, പി.കല, ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ പ്രതിനിധി ടി.ഡി.അനൂപ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

 നിർദ്ദേശങ്ങൾ

# എല്ലായിടത്തും സിഗ്‌നൽ മുഴുവൻ സമയവും പ്രവർത്തിപ്പിക്കണം
# കൂടുതൽ സൈൻ ബോർഡുകളും ബ്ലിങ്കറുകളും സ്പീഡ് കാമറകളും നിരീക്ഷണ കാമറകളും

# തുടർച്ചയായ പൊലീസ് പട്രോളിംഗ്
# വേഗപരിധി കടക്കുന്നവർക്ക് കർശനമായ പിഴ

# അഞ്ച് ജംഗ്ഷനുകൾക്ക് പുറമെ കൂടുതൽ സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നൽ
# മൈനർ ജംഗ്ഷനുകളിൽ ഹമ്പുകളും സ്പീഡ് ബ്രേക്കറുകളും

# ഇടറോഡിൽ നിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്നിടത്ത് സ്പീഡ് ബ്രേക്കർ