ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞ് കൂടുന്നു. ദേശീയ പാതയിൽ എൽ.ഐ.സി ഓഫീസിന് മുന്നിലും കനാൽ പരിസരത്തും ചാക്കിൽ കെട്ടിയ കോഴി വേസ്റ്റ് , ഡയപ്പർ, ഗൃഹ മാലിന്യം തുടങ്ങിയവ യഥേഷ്ടം തള്ളുകയാണ്. ഇത്തരം മാലിന്യങ്ങൾ അഴുകി പുഴുവരിച്ച നിലയിലാണ്. മൂക്ക് പൊത്താതെ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. മേയ് മാസത്തിൽ കേരള കൗമുദിയിൽ മാലിന്യനിക്ഷേപത്തെപ്പറ്റി വാർത്ത നൽകിയിരുന്നു. പ്രഭാതസവാരിക്കാർ ഗൃഹ മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി ഇടറോഡുകളിൽ നിക്ഷേപിക്കുന്നതും പതിവാണ്. പഞ്ചായത്തിന്റെ മാലിന്യ നിർമ്മാർജനം ഫലപ്രദമല്ലാത്തതിനാൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
എല്ലാ ദിവസവും കനാൽ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഇവിടെ കാമറ സ്ഥാപിച്ചാൽ മാലിന്യ നിക്ഷേപത്തിന് അറുതിയാകും.
ബിജു (പത്രവിതരണക്കാരൻ)
മാലിന്യ നിക്ഷേപം മൂലമുള്ള ദുർഗന്ധം കാരണം വീട്ടിന്റെ കതകും ജനലും തുറന്നിടാൻ കഴിയാത്ത അവസ്ഥയാണ്. തെരുവ് നായ്ക്കളുടെ ശല്യവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.
ഡോ. ശ്രീകല