പുനലൂർ: ചെങ്കോട്ട- അച്ചൻകോവിൽ വനപാതയിലൂടെ കടന്നുപോയ കെ.എസ്.ആർ.ടി.സി ബസ് ടിപ്പർ ലോറിയിലിടിച്ച് ബസ് യാത്രക്കാരായ അഞ്ച് കുട്ടികൾ അടക്കം 17 പേർക്ക് പരിക്കേറ്റു. അച്ചൻകോവിൽ സ്വദേശികളായ ശ്രീലത(49), ഫാത്തിമ(51), അമദുള്ള(58), സുഗന്ധി(38), സുമതി(60), ലേഖ(35), കൃഷ്ണൻകുട്ടി(70), ലിജു(15), അൻസ്ഹിൽ(9), അതുല്യ(4), ശിഖ(9), അശ്വൻ(7), റെജി(46), അഞ്ചൽ സ്വദേശികളായ ദിലീപ്കുമാർ(54), ബാബു(47), തോമസ് വർഗീസ്(63), കാര്യറ സ്വദേശി അബ്ദുൽ ജബാർ(65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4.15ന് അച്ചൻകോവിൽ പാതയിലെ കോട്ടവാസൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്തായിരുന്നു അപകടം. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ചെങ്കോട്ട വഴി അച്ചൻകോവിലിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. കോട്ടവാസൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്തെ ഒന്നാം വളവിൽ എത്തിയപ്പോൾ എതിർദിശയിൽ നിന്നെത്തിയ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കൂറ്റൻ പാറയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സമീപത്തെ 200 അടി താഴ്ചയിലെ കൊക്കയിൽ മറിയാതെ അത്ഭുതകരമായാണ് ബസ് രക്ഷപ്പെട്ടത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ആംബുലൻസിലും മറ്റു വാഹനങ്ങളിലുമായി പരിക്കേറ്റവരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.