കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യവിഭാഗത്തിന്റെയും പരിശോധനകൾ നാമമാത്രമായതോടെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യം കലർന്ന മത്സ്യങ്ങളുടെ വിപണനം തകൃതി. ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി മത്സ്യലഭ്യത കുറഞ്ഞത് മറയാക്കിയാണ് വിഷാംശം കലർന്നതും അഴുകിയതുമായ മീൻ വിറ്റഴിക്കുന്നത്. ഇത്തരത്തിലുള്ള ധാരാളം ചെറുകിട വിപണന കേന്ദ്രങ്ങളാണ് കൂണുപോലെ മുളച്ചുപൊന്തുന്നത്.കൊല്ലം. നീണ്ടകര, കായംകുളം മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നാണ് വിവിധ കേന്ദ്രങ്ങളിൽ മത്സ്യം എത്തിയിരുന്നത്. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ഇവിടെ നിന്നുള്ള വരവ് കുറഞ്ഞു. ഇതോടെയാണ് കന്യാകുമാരി, മംഗലാപുരം, ഗോവ, കുളച്ചൽ എന്നിവിടങ്ങളിൽ നിന്നുള്ള ഗുണമേന്മയില്ലാത്ത മീൻ എത്തിത്തുടങ്ങിയത്. കമ്മിഷൻ കടകൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വിപണനം. ഇവരുടെ സഹകരണത്തോടെ ചെറുകിട വ്യാപാരവും പൊടിപൊടിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ വ്യാപരമാണ് ഇവ കേന്ദ്രീകരിച്ച് നടക്കുന്നത്.
ദേശീയപാതയോരത്തും ഗ്രാമീണ പ്രദേശങ്ങളിലുമൊക്കെ ഇത്തരം പെട്ടിക്കടകൾ പ്രവർത്തിക്കുന്നു. എന്നാൽ ഇവിടെ നിന്ന് ലഭിക്കുന്ന മീനിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള നടപടികൾ മാത്രം ഉണ്ടാകുന്നില്ല. ഗത്യന്തരമില്ലാത്തതിനാൽ ഉപഭോക്താക്കളും ഇവരെ ആശ്രയിക്കുകയാണ്. ദേശീയപാതയിലൂടെ വാഹനങ്ങളിൽ പോകുന്നവരാണ് ഇത്തരക്കാരുടെ വലയിൽ വീഴുന്നത്. ദീർഘയാത്രക്കിടെ മീൻ വാങ്ങി വീട്ടിൽ കൊണ്ട് പോയി പാകം ചെയ്യുമ്പോഴാണ് അബദ്ധം പറ്റിയത് മനസിലാകുന്നത്. ഇവ ഭക്ഷിച്ചാൽ ഉണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല.