പുനലൂർ: ആര്യങ്കാവ് ചെക്ക്പോസ്റ്റു വഴി കേരളത്തിലേക്ക് അനധികൃതമായി മാരുതി കാറിൽ കടത്താൻ ശ്രമിച്ച ഗുളികകളുമായി ഒരാൾ പിടിയിൽ. പുനലൂർ വിളക്കുവെട്ടം കമലാഭവനിൽ റിനീഷ് ആർ. പിള്ളയാണ് പിടിയിലായത്. എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് നാളികേരങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലേബൽ ഒട്ടിക്കാത്ത ഗുളികകൾ, ഒഴിഞ്ഞ ക്യാപ്സൂൾ കവറുകൾ, ഇതിൽ നിറക്കാനുള്ള പൊടികൾ തുടങ്ങിയവ പിടിച്ചെടുത്തത്.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ആയുർവേദ മരുന്നുകൾക്ക് വീര്യംകൂട്ടാനുള്ള ഗുളികകളാണ് പിടിച്ചെടുത്തതെന്ന് കണ്ടെത്തി. എന്നാൽ ഗുളികകളും മറ്റും ആയുർവേദ മരുന്നാണെന്നായിരുന്നു റിനീഷ് ചോദ്യം ചെയ്യലിൽ പറഞ്ഞത്. മരുന്നുകൾ വിദഗ്ദ്ധ പരിശോധനകൾക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.