hospittal
പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എം.എൽ.എമാരായ മമ്മദ്കോയ, പി.ടി.എ.റഹീം എന്നിവരുടെ നേതൃത്വത്തിലുളള സംഘം സന്ദർശനം നടത്തിയപ്പോൾ..

എം.എൽ.എമാരുടെ സന്ദർശനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന്

പുനലൂർ: സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രികളിലൊന്നായ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ബേപ്പൂർ എം.എൽ.എ വി.കെ.സി. മമ്മദ് കോയ, കുന്നമംഗലം എം.എൽ.എ പി.ടി.എ റഹീം എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ പുനലൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം നേരിൽക്കണ്ട് വിലയിരുത്താനെത്തിയത്. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷൻ തിയേറ്റർ, ഓക്സിജൻ പ്ലാന്റ്, രക്തബാങ്ക് , പ്രസവ വാർഡ്, ജനറൽ വാർഡ് തുടങ്ങിയവ സംഘം നേരിൽക്കണ്ട് വിലയിരുത്തി. ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിച്ചതിന് ജീവനക്കാരെയും മികച്ച പ്രവർത്തനത്തിന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷായെയും

എം.എൽ.എമാർ പ്രശംസിച്ചു. താലൂക്ക് ആശുപത്രിയിൽ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ സമീപത്ത് 68 കോടി രൂപ ചെലവഴിച്ച് പണിയുന്ന പത്ത് നിലയുള്ള മന്ദിരത്തിന്റെ നിർമ്മാണവും ജനപ്രതിനിധികൾ സന്ദർശിച്ചു.

പാഥേയം സൗജന്യ ഭക്ഷണ പദ്ധതി

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണം നൽകുന്ന പാഥേയം പദ്ധതി ജനോപകാരപ്രദമാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി പുനലൂർ താലൂക്ക് ആശുപത്രിയിലാണ് കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന പാഥേയം പദ്ധതി വിഭാവനം ചെയ്തത്. നഗരസഭയും ആശുപത്രി മാനേജിംഗ് കമ്മിറ്റിയും സംയുക്തമായാണ് പാഥേയം ഭക്ഷണ പദ്ധതി നടപ്പാക്കിയത്.

ദിനംപ്രതി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്: 2000ൽ അധികം പേർ