കൊല്ലം: ജില്ലാ പൊലീസ് ചീഫുമാർ മുമ്പ് കേസ് പിടിക്കാൻ പൊലീസുകാർക്ക് ക്വാട്ട നിശ്ചയിച്ച് നൽകിയത് പൊലീസിന് തലവേദനയാകുന്നു. രാവും പകലും റോഡിലിറങ്ങി കേസുകളുടെ എണ്ണം കൂട്ടാത്തവരെ ക്രൈം കോൺഫറൻസുകളിൽ ജില്ലാ പൊലീസ് ചീഫുമാർ നിറുത്തി പൊരിച്ചതോടെയാണ് പൊലീസുകാർ ഓടിച്ചിട്ട് പിടിച്ചും നിറുത്താതെ പോയ വാഹനങ്ങളുടെ നമ്പർ കുറിച്ചെടുത്തും കേസെടുകളുടെ എണ്ണം പെരുപ്പിച്ചത്.
മിക്ക കേസുകളും പിഴ ഒടുക്കലിൽ അവസാനിച്ചെങ്കിലും ചിലതൊക്കെ കേസായി കോടതിയിലാണ്. വിവാദങ്ങളെ തുടർന്ന് ഇതിന് ഇടയ്‌ക്ക് മൂക്കുകയർ വീണെങ്കിലും ചില ഓഫീസർമാർ തോളിലെ നക്ഷത്രങ്ങളുടെ തിളക്കം കൂട്ടാൻ കേസുകളുടെ ഗ്രാഫ് ഉയർത്തി. എന്നാൽ, കോടതി അയച്ച സമൻസുകളിൽ പലതിലും സമയബന്ധിതമായി ആളെ കണ്ടെത്തി എത്തിക്കാൻ പൊലീസിന് കഴിയുന്നില്ല. ആൾക്ഷാമവും മറ്ര് ഡ്യൂട്ടികളും തന്നെയാണ് തടസം. റോഡിലൂടെ പോകുന്ന വണ്ടിക്കാർ പലരും അന്യജില്ലക്കാരായത് മറ്റൊരു പ്രശ്‌നമായി. സമൻസുകൾ ലക്ഷ്യ സ്ഥാനങ്ങളിലെത്താതായതോടെ വാറണ്ടുകൾ പുറപ്പെടുവിച്ചു. ഇവരെ കണ്ടെത്താനായി പിന്നീട് പൊലീസിന്റെ ഓട്ടം. വാറണ്ടുകളും സമാന സ്ഥിതിയിലായതോടെ കോടതികളിൽ കേസുകൾ കൂടി.
പണ്ടത്തെ പോലെ സമൻസ് മുക്കിയ ശേഷം പ്രതിയെ വാറണ്ടിന്റെ പിൻബലത്തിൽ ഒരു ദിവസം ഉറക്കപ്പായയിൽ നിന്ന് അറസ്റ്റ് ചെയ്യുന്ന രീതിയും ഈ കാലത്ത് നടപ്പില്ല. തനിക്ക് സമൻസ് കിട്ടിയില്ലെന്ന് പ്രതി കോടതിയിൽ പറഞ്ഞാൽ പൊലീസ് പ്രതിക്കൂട്ടിലാവും. ഹൈക്കോടതി നിർദേശ പ്രകാരം എല്ലാ രണ്ടാം ശനിയാഴ്‌ചകളിലും ചേരുന്ന ലീഗൽ സർവീസ് അതോറിറ്റിയുടെ അദാലത്തുകളിൽ കുറെ കേസുകൾ തീർപ്പാക്കുന്നുണ്ട്.