രോഗികളും കൂട്ടിരിപ്പുകാരും വലയുന്നു
ഓടനാവട്ടം: നെടുമൺകാവ് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ചികിത്സാ സൗകര്യക്കുറവുമൂലം രോഗികൾ വലയുന്നു. വിവിധ പഞ്ചായത്തുകളിൽ നിന്നായി 600ൽ അധികം പേരാണ് വിവിധ രോഗങ്ങൾക്ക് ചികിത്സ തേടി ദിനംപ്രതി ആശുപത്രിയിലെത്തുന്നത്. 1962ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായിരിക്കേ അനുമതി ലഭിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ പ്രാരംഭകാലത്ത് മികച്ച ചികിത്സാസൗകര്യങ്ങളുണ്ടായിരുന്നു. സമർത്ഥരായ ഡോക്ടർമാരുടെ സേവനവും ലഭ്യമായിരുന്നു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി അപ്ഗ്രേഡ് ചെയ്തിട്ടും സർക്കാർ അനുവദിച്ചിട്ടുള്ള സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്നത്. പോസ്റ്റ് മോർട്ടം, മോർച്ചറി, ഓർത്തോ, ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് തുടങ്ങിയവ ആരംഭകാലം മുതൽ ഇവിടെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവയൊന്നും ആശുപത്രിയിലില്ല. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം ഹൃദ്രോഗചികിത്സയ്ക്കായുള്ള മാമോഗ്രാം യൂണിറ്റിന്റെ കെട്ടിടം പൂർത്തിയായെങ്കിലും ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതിനുള്ള തുക സമാഹരിക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾ മുൻകൈയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തുക ലഭ്യമായാൽ മാത്രമേ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയൂ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ജനപ്രതിനിധികളും സർക്കാരും മുൻകൈയെടുത്ത് എത്രയും വേഗം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.
നെടുമൺകാവ് സർക്കാർ ആശുപത്രിയിൽ രാത്രികാല ചികിത്സാ സൗകര്യം ലഭ്യമാക്കണം. അംഗപരിമിതർക്ക് എളുപ്പത്തിൽ ചികിത്സ ലഭിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയും പീഡിയാട്രീഷ്യന്റെ സേവനം ഉറപ്പാക്കുകയും വേണം.
നിർമ്മാണം കഴിഞ്ഞ കെട്ടിടങ്ങൾ ഉടൻ പ്രവർത്തന സജ്ജമാക്കി അത്യാഹിത വിഭാഗം പ്രവർത്തിപ്പിക്കണം.
ജി. രാജേന്ദ്രൻ, മുൻ ജില്ലാ സെക്രട്ടറി, ഭാരതീയ വികലാംഗ ഐക്യ അസോസിയേഷൻ
കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉടൻ നിർവഹിക്കുകയും ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് രോഗികൾക്ക് ചികിത്സാ സൗകര്യം ഉറപ്പാക്കുകയും വേണം.
എം. രഞ്ജിത്ത്, വ്യാപാരി വ്യവസായി സമിതി അംഗം, നെടുമൺകാവ്
മതിയായ ജീവനക്കാരില്ല
2008 ലെ സർക്കാർ ഉത്തരവനുസരിച്ച് ആതുരാലയത്തിന് കർശനമായ സജ്ജീകരണങ്ങൾ നിർബന്ധമാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കിടത്തിച്ചികിത്സയ്ക്ക് 30 മുതൽ 100 വരെ കിടക്കകൾ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. എന്നാൽ 16 കിടക്കകൾ മാത്രമാണ് ഇവിടെയുള്ളത്. തിയേറ്റർ, ലാബ് ,എക്സ് റേ, ഇ.സി.ജി, അൾട്രാസൗണ്ട് എന്നീ സജ്ജീകരണങ്ങൾക്ക് പുറമേ ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്തേഷ്യോളജി എന്നീ വകുപ്പുകളിൽ സ്പെഷ്യലൈസ്ഡ് ചെയ്ത ഓരോ ഡോക്ടറും നോൺ സ്പെഷ്യലിസ്റ്റുകളായി രണ്ട് ഡോക്ടർമാരും ഉണ്ടായിരിക്കണം. എന്നാൽ വെറും 3 ഡോക്ടർമാരെയാണ് റെഗുലർ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 12 സ്റ്റാഫ് നഴ്സുകൾ വേണ്ടിടത്ത് 4 പേരും 2 ഫാർമസിസ്റ്റുകൾ വേണ്ടിടത്ത് ഒരാളും 2 ലാബ് ടെക്നീഷ്യൻമാർക്ക് പകരം ഒരാളും ശുചീകരണത്തിന് 2 പേർ വേണ്ടിടത്ത് ഒരാളും മാത്രമാണ് നിലവിൽ ഡ്യൂട്ടി ചെയ്യുന്നത്. റേഡിയോഗ്രാഫർ, ഓഫ്താൽമിക് അസിസ്റ്റന്റ്, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ ആളേയില്ല. പബ്ളിക് ഹെൽത്ത് സ്റ്റാഫ്, മിനിസ്റ്റീരിയൽ സ്റ്റാഫ് മുതലായവരുടെ പാറ്റേണും സർക്കാർ ഉത്തരവ് പ്രകാരം ഇവിടെ ബാധകമാക്കിയിട്ടില്ല.
ആശുപത്രി പരിസരം വൃത്തിഹീനം
ചെറിയ മഴ പെയ്താൽ പോലും ആശുപത്രി പരിസരം വെള്ളക്കെട്ടായി മാറും. മഴക്കാലമായാൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ആശുപത്രിയിലെ കെട്ടിടനിർമ്മാണത്തിനായി ഒരുകോടി നാല്പത് ലക്ഷം രൂപ കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായം ലഭിച്ചിരുന്നു. എന്നാൽ ആ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. ഇനിയും നിർമ്മാണ പ്രവർത്തനങ്ങൾ തീരാനുള്ള കെട്ടിടം മണ്ണും പാറക്കെട്ടുമായിക്കിടന്ന് നശിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ആശുപത്രി ആരംഭിച്ചത്: 1962ൽ
ദിനംപ്രതി ആശുപത്രിയിലെത്തുന്നത്: 600ൽ അധികം പേർ