കൊല്ലം: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാനൊരുങ്ങുന്ന സെപ്റ്റിക് ടാങ്ക് മാലിന്യ സംസ്കരണ പ്ലാന്റുകളുടെ കൺസൾട്ടൻസി കരാറിൽ കൊല്ലം നഗരസഭയിലും ക്രമക്കേട് നടന്നതായി അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്. നേരത്തെ കോഴിക്കോട് അടക്കമുള്ള നഗരങ്ങളിൽ നടന്ന ക്രമക്കേട് പുറത്ത് വന്നിരുന്നു.
വസൂരിച്ചിറ, ആണ്ടാമുക്കം, ആക്കോലിൽ എന്നിവിടങ്ങളിൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മിക്കാനായി സർക്കാർ അംഗീകരിച്ച ഏജൻസികളിൽ നിന്നാണ് നഗരസഭ പ്ളാന്റ് നിർമ്മാണത്തിനായി കരാർ ക്ഷണിച്ചത്. മൂന്ന് സ്ഥാപനങ്ങൾ ക്വട്ടേഷൻ സമർപ്പിച്ചു. ഇതിൽ നിന്ന് ആകെ പദ്ധതി തുകയുടെ 2.3 ശതമാനം കൺസൾട്ടൻസി ഫീസ് മുന്നോട്ട് വച്ച റാം ബയോളജിക്കൽസ് എന്ന സ്ഥാപനവുമായി കരാറൊപ്പിട്ടു.
പട്ടികയിലില്ല, മുൻ പരിചയവുമില്ല
നഗരസഭയുമായി കരാറൊപ്പിട്ട റാം ബയോളജിക്കൽസ് മാലിന്യ നിർമ്മാർജന പദ്ധതികൾക്കുള്ള ശുചിത്വ മിഷന്റെ പട്ടികയിൽ ഉൾപ്പെട്ടതല്ലെന്ന് മാത്രമല്ല സെപ്റ്റേജ് ട്രീറ്റ്മെന്റ് രംഗത്ത് മുൻപരിചയവുമില്ല. ഖരമാലിന്യ സംസ്‌കരണ രംഗത്ത് മുൻപരിചയമുള്ള ഏജൻസികളുമായേ കരാർ ഒപ്പിടാവൂ എന്ന ശുചിത്വ മിഷന്റെ നിർദ്ദേശം അവഗണിച്ച് കൊല്ലവും മറ്റ് നഗരങ്ങളെപ്പോലെ റാം ബയോളജിക്കൽസുമായി കരാർ ഒപ്പിടുകയായിരുന്നു. വൻ തുകയ്ക്കുള്ള കൺസൾട്ടൻസി കരാറുകളിൽ ഏർപ്പെടുമ്പോൾ വീഴ്ചകൾ സംഭവിച്ചാൽ പണം തിരികെ ലഭിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ 9.8 കോടിയുടെ പദ്ധതിക്ക് റാം ബയോളജിക്കൽസുമായി ഉണ്ടാക്കിയ കരാറിൽ ഇത്തരം വ്യവസ്ഥകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.
ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഓഡിറ്റ് വകുപ്പ് വിശദീകരണം ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. മൂന്നിടത്തും പ്ലാന്റ് സ്ഥാപിക്കാനായി നഗരസഭ ടെണ്ടർ ക്ഷണിച്ചെങ്കിലും ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഇപ്പോൾ റീ ടെണ്ടർ ചെയ്തിരിക്കുകയാണ്.
പദ്ധതി പെരുവഴിയിൽ, പണവും പോയി
ജനകീയ എതിർപ്പിനെ തുടർന്ന് പ്ളാന്റ് നിർമ്മിക്കാൻ തീരുമാനിച്ച മൂന്നിടങ്ങളിലും ഇപ്പോൾ പദ്ധതി നടപ്പാക്കാനാകാത്ത സ്ഥിതിയാണ്. ആക്കോലിൽ ഉദ്ദേശിച്ച സ്ഥലം ചതുപ്പ് പ്രദേശവുമാണ്. പുതിയ സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൺസട്ടൻസി നഗരസഭയെ സമീപിച്ചെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ല.
ഇതിനിടെ 16.31 ലക്ഷം കൺസട്ടൻസി ഫീസായി സ്വകാര്യ ഏജൻസിക്ക് കൈമാറുകയും ചെയ്തു. പണം തിരികെ ലഭിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്താത്തതിനാൽ പദ്ധതി നടപ്പായില്ലെങ്കിൽ ഈ പണം നഗരസഭയ്ക്ക് നഷ്ടമാകും.
പദ്ധതി സ്ഥലങ്ങൾ
വസൂരിച്ചിറ, ആണ്ടാമുക്കം, ആക്കോലിൽ
പദ്ധതി തുക: 9.8 കോടി
കൺസൾട്ടൻസിക്ക് ഇതുവരെ നൽകിയത്: 16.31 ലക്ഷം
" സർക്കാർ നിർദ്ദേശപ്രകാരമാണ് റാം ബയോളജിക്കൽസുമായി കരാർ ഒപ്പിട്ടത്. മറ്റ് അമൃത് നഗരങ്ങളിലും ഇതേ ഏജൻസിക്കാണ് കരാർ നൽകിയിരിക്കുന്നത്. കൊല്ലം നഗരസഭ ഇക്കാര്യത്തിൽ ഒരു ക്രമക്കേടും നടത്തിയിട്ടില്ല. ഓഡിറ്റ് റിപ്പോർട്ടിന് വസ്തുതകൾ ചൂണ്ടിക്കാട്ടി കൃത്യമായ മറുപടി നൽകും. സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ളാന്റ് പോലുള്ള പദ്ധതികൾക്ക് എതിർപ്പുകൾ സ്വാഭാവികമാണ്. എങ്കിലും പദ്ധതി നടപ്പിലാക്കും.''
വിജയാ ഫ്രാൻസിസ് (ഡെപ്യൂട്ടി മേയർ)
'' സെപ്റ്റേജ് ട്രീറ്റ്മന്റെ കൺസൾട്ടൻസി കരാറിൽ ഗുരുതരമായ ക്രമക്കേടാണ് നടന്നിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെയും കോടതിയെയും സമീപിക്കും.''
ഷെഫീക്ക് കിളികൊല്ലൂർ (യൂത്ത് കോൺഗ്രസ് പാർലമെന്റ് ജന. സെക്രട്ടറി)