photo
കൈരളി ക്രാഫ്ററ് ഫെയറിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം.ശോഭന നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കേരള കരകൗശല വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ അഖിലേന്ത്യാ കൈത്തറി മേള ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന കൈത്തറി ഉല്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. മധുര, ചെട്ടിനാട്, ചുങ്കുടി സാരികൾ, കാശ്മീരി, ഗുജറാത്ത്, ഒറീസാ ചുരിദാറുകൾ, മീററ്റ് ഖാദി ഷർട്ടുകൾ, രാജസ്ഥാൻ, പാനിപ്പട്ട് ബഡ്ഷീറ്റുകൾ, രാജസ്ഥാൻ സ്റ്റോൺ തുടങ്ങി എല്ലാ ഉല്പന്നങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ കരകൗശല കോർപ്പറേഷന്റെ കൊല്ലം കൈരളി ഷോറൂമിൽ നിന്നുള്ള ഈട്ടിത്തടിയിലും തേക്കിൻ തടിയിലും നിർമ്മിച്ച ശില്പങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ, ആറന്മുള കണ്ണാടികൾ, മറയൂർ ചന്ദനത്തൈലം തുടങ്ങിയ ഉന്നത നിലവാരത്തിലുള്ള സാധനങ്ങളും വില്പനയ്ക്കെത്തിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ക്രാഫ്റ്റ് ഫെയറിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം. ശോഭന നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, ഡിവിഷൻ കൗൺസിലർ അജിതകുമാരി, കൈരളി മാനേജർ റ്റോമി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. മേള 14 ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തന സമയം.