crowther
സർക്കാർ ഏറ്റെടുത്ത ക്രൗതർ മസോണിക് ഹാൾ

കൊല്ലം:കൊല്ലത്തെ ഒരു ചരിത്ര സ്മാരകം കൂടി സർക്കാർ ഏറ്റെടുത്തു. ഡി.സി.സി ഓഫീസിന് സമീപത്തെ ക്രൗതർ മസോണിക് ഹാളും അതുൾപ്പെടുന്ന 94 സെന്റ് സ്ഥലവുമാണ് നീണ്ടകാലത്തെ നിയമ യുദ്ധത്തിനൊടുവിൽ സർക്കാർ ഏറ്റെടുത്തത്. ഫ്രീമേസൺസ് ഹാൾ എന്ന പേരിലും അറിയപ്പെട്ട മന്ദിരം ബ്രിട്ടീഷുകാരനായ റിച്ചാർഡ് എഫ്.എച്ച് ക്രൗതർ 1806 കാലഘട്ടത്തിൽ നിർമ്മിച്ചതെന്നാണ് ചരിത്ര രേഖകൾ. അന്നുമുതൽ ഫ്രീമേസൺസ് എന്ന സംഘടനയുടെ യോഗങ്ങൾ ഇവിടെ നടന്നിരുന്നു. ഗ്രാന്റ് ലോഡ്ജ് ഓഫ് ഇന്ത്യയുടെ ഭാഗമായ ഇത് തിരുവിതാംകൂറിലെ ഫ്രീ മേസണറി പ്രവർത്തനങ്ങളുടെ സ്മാരകം കൂടിയാണിത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ ഫ്രീമേസൺസ് സൊസൈ​റ്റിയ്ക്ക് 99 വർഷത്തെ പാട്ട വ്യവസ്ഥയിൽ നൽകിയിരുന്ന സ്ഥലമാണിത്. ഫ്രീമേസൺസിന്റെ യോഗങ്ങൾക്ക് പുറമെ നിരവധി സാംസ്ക്കാരിക, സാമൂഹിക പരിപാടികൾക്കും വിവാഹ സൽക്കാരങ്ങൾക്കും ഹാൾ വാടകയ്ക്ക് നൽകുമായിരുന്നു. പാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് 2010 ൽ കരാർ റദ്ദ് ചെയ്ത് ഉത്തരവായെങ്കിലും ഉടമസ്ഥതയും അധികാരവും സംബന്ധിച്ച് കൊല്ലം അഡിഷണൽ സബ് കോടതിയിൽ കേസ് നിലനിൽക്കുകയായിരുന്നു. കേസിൽ അന്തിമ വിധി പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലാ ഗവ. പ്ലീഡർ ആർ. സേതുനാഥൻപിള്ളയുടെ നിയമോപദേശം അടിസ്ഥാനമാക്കി സ്ഥലം സർക്കാർ നിയന്ത്റണത്തിലെടുത്ത് ബോർഡും സ്ഥാപിച്ചു. കൊല്ലത്തെ കോടതി സമുച്ചയം നിർമ്മിക്കാൻ 2009 ൽ ഈ സ്ഥലം പരിഗണിച്ചിരുന്നുവെങ്കിലും അഭിഭാഷകരുടെ എതിർപ്പിനെ തുടർന്ന് നീക്കം ഉപേക്ഷിച്ചു. കൊല്ലം തഹസീൽദാർ ടി. ആർ അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസീൽദാർ കെ. പി ഗിരിനാഥ്, വില്ലേജ് ഓഫീസർ എസ്. സജീവ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് കഴിഞ്ഞദിവസം ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചത്. ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിലുള്ള റിട്ട് പെ​റ്റിഷൻ പൂർത്തിയാക്കുന്ന മുറയ്ക്ക് കക്ഷികളെ പൂർണമായും ഒഴിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.