thanni
കൊല്ലം തോട് മൂന്നാം റീച്ചിൽ നിന്നും ഡ്രഡ്ജ് ചെയ്ത മണൽ താന്നി സുനാമി ഫ്ലാറ്റിന് സമീപം നിക്ഷേപിക്കുന്നു

 മൂന്നാം റീച്ചിൽ ഡ്രഡ്ജിംഗ് പുനരാരംഭിച്ചു

കൊല്ലം: കളക്ടറുടെ ഉത്തരവ് പ്രകാരം കൊല്ലം തോട്ടിൽ നിന്നു ഡ്രഡ്ജ് ചെയ്യുന്ന മണൽ സർക്കാർ ഭൂമിയിൽ സംഭരിച്ച് തുടങ്ങി. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ മൂന്നാം റീച്ചിൽ ഡ്രഡ്ജിംഗ് പുനരാരംഭിച്ചു. താന്നി സാഗര സുനാമി ഫ്ലാറ്റ് പരിസരത്തും മയ്യനാട് പഞ്ചായത്തിന്റെ സ്റ്റേഡിയം നിർമ്മാണം നടക്കുന്ന ഭൂമിയിലുമാണ് മണൽ സംഭരിക്കുന്നത്.

ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണൽ ആദ്യഘട്ടത്തിൽ അപ്പപ്പോൾ തന്നെ വില്പന നടത്തുകയായിരുന്നു. ഉൾനാടൻ ജലഗതാഗത വകുപ്പ് നൽകുന്ന ഒരു പാസിന്റെ മറവിൽ നിരവധി ലോഡുകളാണ് കരാറുകാർ കടത്തിയിരുന്നത്. ഇതിന് നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ടായിരുന്നു. മണൽ കടത്ത് തുടർന്നതോടെ മണൽ സംഭരണ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിൽ നിന്നും കരാറുകാരെ ഒഴിവാക്കി കളക്ടർ ഉത്തരവിറക്കുകയായിരുന്നു.

മണൽ കടത്തിലൂടെ വൻതുക സമ്പാദിച്ചുകൊണ്ടിരുന്ന കരാറുകാരൻ ഇതോടെ കളക്ടറുടെ പുതിയ ഉത്തരവിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു. ഉൾനാടൻ ജലഗതാഗത വകുപ്പ് കൊല്ലം അസി. എക്സിക്യുട്ടീവ് എൻജിനിയർ ജോയി ജനാർദ്ദനനെ ഓഫീസിൽ കയറി ആക്രമിക്കാൻ ശ്രമിക്കുകയും വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ കരാറുകാരൻ ഇന്നലെ ഡ്രഡ്ജിംഗ് പുനരാരംഭിക്കുകയായിരുന്നു. കരാറുകാരനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് തോട് നവീകരണം വേഗത്തിലാക്കാൻ ശ്രമിക്കുന്ന അസി. എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനെതിരെ ഇതേ വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.