ns
എൻ.എസ്. സഹകരണ ആശുപത്രി

കൊല്ലം : സംസ്ഥാനത്തെ മികച്ച സഹകരണസംഘങ്ങളുടെ പട്ടികയിൽ കൊല്ലം എൻ.എസ് സഹകരണ ആശുപത്രി ഇടംനേടി. 2017-18 സാമ്പത്തിക വർഷം പ്രവർത്തനമികവിൽ മുന്നിലെത്തിയ ആരോഗ്യ/വിദ്യാഭ്യാസ സഹകരണ സംഘങ്ങളിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ് എൻ. എസ്. സഹകരണ ആശുപത്രി കരസ്ഥമാക്കിയത്.

ഒന്നാം സ്ഥാനം പെരിന്തൽ മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയും, രണ്ടാം സ്ഥാനം തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷൻ സൊസൈറ്റിയും നേടി. സഹകരണ വകുപ്പ് ഏർപ്പെടുത്തിയ അവാർഡ് അന്തർദ്ദേശീയ സഹകരണ ദിനമായ ഇന്ന് എറണാകുളം ടൗൺ ഹാളിൽ വച്ച് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്യും.
പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രി 10 വർഷമായി ലാഭത്തിലാണ്. സംസ്ഥാനത്തെതന്നെ ഏറ്റവും കുറഞ്ഞ ചികിത്സാ നിരക്കാണിവിടെ. മരുന്നിന് 10 ശതമാനം ഡിസ്‌കൗണ്ടും ബി.പി.എൽ വിഭാഗത്തിലെ രോഗികൾക്ക് കിടത്തി ചികിത്സാ ചെലവിൽ 30 ശതമാനം ഇളവും നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 3.5 കോടി രൂപയുടെ സൗജന്യമാണ് സംഘം നൽകിയത്.

2006 ഫെബ്രുവരി 17ന് ഉദ്ഘാടനം ചെയ്ത ആശുപത്രിയിൽ സ്‌പെഷ്യാലിറ്റി - സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി 30 ചികിത്സാ വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു. ദീർഘവീക്ഷണമുള്ള ഭരണസമിതിയും മികച്ച അഡ്മിനിസ്‌ട്രേഷനും ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. 80-ഓളം ഡോക്ടർമാരും 900 ജീവനക്കാരുമുള്ള ആശുപത്രി ജില്ലയിൽ ഏറ്റവുമധികം രോഗികൾക്ക് പരിചരണം നൽകുന്ന ആശുപത്രി കൂടിയാണ്.