fish
സ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കുള്ള പുനരുദ്ധാരണ പാക്കേജ് വിലയിരുത്തുന്നതിന് വിളിച്ചു ചേർത്ത സ്റ്റേറ്റ് ലേവൽ ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തിൽ ബാങ്കുദ്യോഗസ്ഥരുമായി ചർച്ച നടത്തുന്ന മന്ത്രി മേഴ്സിക്കുട്ടി അമ്മ

കൊല്ലം : അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കുന്നതിനായി സർക്കാർ രൂപം നൽകിയ പുനരുദ്ധാരണ പാക്കേജ് ജൂലായ് 31-നകം പൂർണ്ണമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
സ്റ്റേറ്റ് ലേവൽ ബാങ്കേഴ്‌സ് കമ്മിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകളും പങ്കെടുത്തു.
പാക്കേജ് പ്രകാരം നിലവിലെ ബാങ്ക് വായ്പയ്ക്കുള്ള പിഴപലിശ ഒഴിവാക്കും. 9 ശതമാനം പലിശ നിരക്കിൽ നിലവിലുള്ള ബാങ്ക് വായ്പയും പ്രവർത്തന മൂലധനവും കൂട്ടിചേർത്ത് ദീർഘകാലാടിസ്ഥാനത്തിൽ ഗഡുക്കളായി തിരിച്ചടക്കുന്നതിനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
പുതിയ വായ്പയ്ക്കുള്ള 9 ശതമാനം പലിശ സർക്കാർ നൽകും.
ബാങ്കുകൾ ലേലത്തിനായി അസറ്റ് റീകൺസ്ട്രക്ഷൻ കമ്മിറ്റിയ്ക്ക് നൽകിയ 7 ഫാക്ടറികൾ കൂടി ഉടമകൾക്ക് പുനരുദ്ധാരണ പാക്കേജ് പ്രകാരം തിരിച്ചു കിട്ടുന്നതിനുള്ള നടപടികളും സമയബന്ധിതമായി നടപ്പാക്കും.
വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവൻ, എസ്.എൽ.ബി.സി കൺവീനർ ജി.കെ മായ, എൻ.കെ.കൃഷ്ണൻകുട്ടി, വി.സഞ്ജു, സൗത്ത് ഇന്ത്യൻ ജനറൽ മാനേജർ രഞ്ജിത്ത് ആർ.നായർ, ജോസി വർഗ്ഗീസ്, കാത്തലിക് സിറിയൻ ബാങ്ക് ചീഫ് മാനേജർ എം.എസ് വിനീത, എസ്.രവിശങ്കർ, മറ്റ് ബാങ്ക് ഉദ്യോഗസ്ഥർ, വിവിധ സ്വകാര്യ ഫാക്ടറി ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.