andi

കൊല്ലം: മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കശുഅണ്ടി വ്യവസായ മേഖലയ്ക്ക് നേരിയ ആശ്വാസം പകരുന്ന നിർദ്ദേശങ്ങൾ. കശുഅണ്ടി പരിപ്പിന്റെ ഇറക്കുമതി ചുങ്കം നിലവിലുള്ള 40 ൽ നിന്ന് 70 ശതമാനമായി വർദ്ധിപ്പിച്ചത് വ്യവസായികൾക്ക് ഏറെ ഗുണം ചെയ്യും. എന്നാൽ തോട്ടണ്ടിയുടെ 2.5 ശതമാനം ഇറക്കുമതി ചുങ്കം പിൻവലിക്കണമെന്ന ആവശ്യം പരിഗണിച്ചതുമില്ല.

വറുത്ത പരിപ്പ് (റോസ്​റ്റഡ്) എന്ന പേരിൽ പൊടിഞ്ഞത് ഉൾപ്പെടെ കശുഅണ്ടി പരിപ്പ് വിദേശരാജ്യങ്ങളിൽ നിന്ന് വൻ തോതിൽ ഇറക്കുമതി ചെയ്യുന്നത് ഇവിടത്തെ വ്യവസായികൾക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കാലിത്തീ​റ്റ എന്ന പേരിലും ഇറക്കുമതി ചെയ്യുന്ന പരിപ്പ് വിലകുറച്ചു വി​റ്റഴിക്കുന്നതോടെ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പരിപ്പിന് വില കിട്ടാത്ത അവസ്ഥയാണ് വ്യവസായികളെ പ്രതിസന്ധിയിലെത്തിച്ചത്.

ഇറക്കുമതി ചെയ്യുന്ന പരിപ്പിനുള്ള ചുങ്കം 70 ശതമാനമായി വർദ്ധിപ്പിച്ച തീരുമാനത്തെ കാഷ്യൂ എക്സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ആർ.കെ ഭൂതേഷ് സ്വാഗതം ചെയ്തു. ഇറക്കുമതി ചെയ്യുന്ന പരിപ്പിനുള്ള ചുങ്കം കിലോഗ്രാമിന് 400 രൂപ നിശ്ചയിച്ചിരുന്നത് 720 രൂപയായി വർദ്ധിപ്പിക്കണമെന്ന് വ്യവസായികൾ ആവശ്യപ്പെട്ടിരുന്നു.പിളർന്നതും പൊടിഞ്ഞതുമായ പരിപ്പിന് 288 രൂപയിൽ നിന്ന് 680 രൂപയായി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയെ ആശ്രയിച്ചു നടക്കുന്ന വ്യവസായത്തിൽ, തോട്ടണ്ടിയുടെ ഇറക്കുമതി ചുങ്കം 2.5 ശതമാനം ആയി നിശ്ചയിച്ചതു പിൻവലിക്കണമെന്ന ആവശ്യം കേന്ദ്ര ബഡ്ജ​റ്റിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കശുവണ്ടി മേഖലയ്ക്ക് ആശ്വാസകരം:

എൻ.കെ. പ്രേമചന്ദ്രൻ എം.പി.

കശുഅണ്ടി പരിപ്പിന്റെ ഇറക്കുമതി ചുങ്കം 45ൽ നിന്ന് 70 ശതമാനമായി വർദ്ധിപ്പിച്ചത് കശുവണ്ടി മേഖലയ്ക്ക് ആശ്വാസകരമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. വിദേശത്തു നിന്നും സംസ്‌കരിച്ച പരിപ്പ് ആഭ്യന്തര വിപണയിൽ ഇറക്കുമതി ചെയ്യുന്നതു കാരണം സംസ്‌കരിച്ച പരിപ്പിന്റെ ആഭ്യന്തര വിപണിയിലെ വിലയിടിവ് കശുവണ്ടി വ്യവസായത്തെ ദോഷകരമായി ബാധിച്ചിരുന്നു. ചുങ്കം വർദ്ധിപ്പിച്ചതിലൂടെ ഇറക്കുമതി കുറയുകയും ആഭ്യന്തര വിപണിയിൽ വില കൂടുകയും ചെയ്യുന്നത് വ്യവസായത്തിന് സഹായകരമാവും. എന്നാൽ തോട്ടണ്ടിയുടെ ഇറക്കുമതി ചുങ്കം പൂർണമായും ഒഴിവാക്കാത്ത നടപടി നിർഭാഗ്യകരമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ചവറ കെ.എം.എം.എല്ലിന്റെ പ്രധാന ഉല്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് നിലവിലുളള ചുങ്കം നിലനിർത്തിയത്. ടൈറ്റാനിയം ഡൈഓക്‌സൈഡിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിഞ്ഞതും നിലവിലെ ചുങ്കം നിലനിർത്തിയതും കെ.എം.എം.എല്ലിന് ഗുണകരമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു

ഇറക്കുമതി ചുങ്കം: 40 ൽ നിന്ന് 70