കൊല്ലം: ജനവിരുദ്ധത മാത്രം കൈമുതലാക്കിയ സംസ്ഥാന സർക്കാരിനോട് ഇനി സഹകരിക്കില്ലെന്നും സമരം മാത്രമേ ഉള്ളുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി കടവൂർ പാരിഷ്ഹാളിൽ സംഘടിപ്പിച്ച ദ്വിദിന നേതൃപരിശീലന ക്യാമ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയകാലത്ത് സംസ്ഥാന സർക്കാരിന് പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകി. മുഖ്യമന്ത്രിക്കൊപ്പം പ്രളയബാധിത പ്രദേശങ്ങളിൽ താനും പോയി. പക്ഷേ, പിന്നീട് കണ്ടത് സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ്. ലോക കേരള സഭയോടും സഹകരിച്ചു. പക്ഷേ, സംസ്ഥാന സർക്കാർ പ്രവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.
പിണറായി സർക്കാരിന്റെ കാലത്ത് പൊലീസ് കസ്റ്റഡിയിൽ ഏഴു പേർ കൊല്ലപ്പെട്ടു. കാര്യശേഷിയുള്ള ഉദ്യോഗസ്ഥരെ മൂലക്കിരുത്തി ഏറാൻ മൂളികളെ നിയമിച്ചതിന്റെ ഫലമാണിത്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിനുണ്ടായ മേൽക്കെ ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും തുടരും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച രാഹുൽ ഗാന്ധിയുടെ നിലപാട് എല്ലാ രാഷ്ട്രീയക്കാർക്കും മാതൃകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.ഡോ ശൂരനാട് രാജശേഖരൻ, കെ.സി. രാജൻ, എ. ഷാനവാസ്ഖാൻ, ജി. പ്രതാപവർമ്മ തമ്പാൻ, പുനലൂർ മധു, എഴുകോൺ നാരായണൻ, ജി.രതികുമാർ, ചാമക്കാല ജ്യോതികുമാർ, പ്രയാർ ഗോപാലകൃഷ്ണൻ, എം.എം. നസീർ, ടി. നാണുമാസ്റ്റർ, എ.കെ. ഹഫീസ്, എൻ. അഴകേശൻ, പ്രൊഫ ഇ. മേരിദാസൻ, കെ.ജി. രവി തുടങ്ങിയവർ സംസാരിച്ചു.
കോൺഗ്രസിന്റെ ശക്തി ജനങ്ങളുമായുള്ള ആത്മബന്ധം: ഉമ്മൻചാണ്ടി
കൊല്ലം: കോൺഗ്രസിന്റെ ശക്തി ജനങ്ങളുമായുള്ള ആത്മബന്ധമാണെന്ന് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പിയും കാണിക്കുന്ന മത ശക്തിയോ, മസിൽ പവറോ, ഭീഷണിയോ കോൺഗ്രസ് ശൈലിയല്ല.
കോൺഗ്രസിന് വൻ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ ചരിത്രവും നമുക്ക് മുമ്പിലുണ്ട്. ജനാധിപത്യത്തിൽ ജയപരാജയങ്ങൾ സാധാരണമാണ്. ജനങ്ങൾ പൊതുപ്രവർത്തകരുടെ സമീപനം ആഗ്രഹിക്കുന്ന കാലഘട്ടമാണിത്. തിരഞ്ഞെടുപ്പുകാലത്ത് മാത്രം ജനങ്ങളെ സമീപിക്കുന്ന രീതി മാറണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എത്ര നേതാക്കളുടെ മക്കൾ സംഘടനാ പ്രവർത്തനത്തിനുണ്ട്? കെ.എസ്.യു
കോൺഗ്രസ് ജില്ലാ നേതൃ ക്യാമ്പിൽ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിൽ കാമ്പസുകൾക്ക് പുറത്താണ് കെ.എസ്.യുവിന്റെ പ്രവർത്തനമെന്ന വിമർശനത്തിന് മറുചോദ്യവുമായി കെ.എസ്.യു ജില്ലാ പ്രസിഡന്റ്.
എത്ര കോൺഗ്രസ് നേതാക്കളുടെ മക്കൾ കെ.എസ്.യുവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ ക്യാമ്പിലെ ചർച്ചയിൽ ചോദിച്ചു.
കോളേജുകളിൽ എസ്.എഫ്.ഐക്ക് സംരക്ഷണം ഒരുക്കുന്നത് സി.പി.എമ്മാണ്. കേസിൽപ്പെട്ടാൽ സഹായിക്കാനും അവർക്ക് നേതാക്കളുണ്ട്. ഒളിവിൽ കഴിയാൻ ഇടം നൽകും. ആയുധങ്ങളടക്കം നൽകുന്നുണ്ട്. ശാസ്താംകോട്ട ഡി.ബി കോളേജിൽ കെ.എസ്.യുവിന് ഇത്തരം സഹായം ലഭിക്കുന്നുണ്ട്. അവിടെ എസ്.എഫ്.ഐക്കാർ അടിച്ചാൽ ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. അതുകൊണ്ട് അവിടെ കോളേജിനുള്ളിൽ കെ.എസ്.യുവുണ്ട്. അഞ്ചൽ, കൊട്ടാരക്കര കോളേജുകളിലും നേതാക്കളുടെ പിന്തുണ ലഭിക്കുന്നതുകൊണ്ട് കെ.എസ്.യു ശക്തമാണ്. വേറൊരിടത്തും തിരിഞ്ഞ് നോക്കാറില്ല. കോൺഗ്രസ് നേതാക്കളുടെ ശുപാർശയിൽ കോളേജിൽ പ്രവേശനം നേടുന്നവർ എ.ബി.വി.പിയിലും എസ്.എഫ്.ഐയിലുമാണ് പ്രവർത്തിക്കുന്നത്. നേതാക്കളുടെ ഒത്താശയോടെയുള്ള ഗ്രൂപ്പ് തർക്കം കാരണം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ ചേരാനാകാത്ത സ്ഥിതിയാണെന്നും വിഷ്ണു വിജയൻ പറഞ്ഞു.
പൊതുരംഗത്ത് നിൽക്കുന്ന സ്ത്രീകളെ കോൺഗ്രസ് നേതാക്കൾ തന്നെ അധിക്ഷേപിക്കുമ്പോൾ എങ്ങനെ സമരത്തിനിറങ്ങുമെന്ന് മഹിളാകോൺഗ്രസിനെതിരെ സംഘടനാ പ്രമേയത്തിലുള്ള വിമർശനത്തിന് മറുപടിയായി ജില്ലാ പ്രസിഡന്റ് ബിന്ദു ജയൻ ചർച്ചയിൽ ചോദിച്ചു.