ശാസ്താംകോട്ട :മൈനാഗപ്പള്ളി കോവൂർ 11- ാം വാർഡിൽ സോഷ്യൽ ഓഡിറ്റിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കുഴഞ്ഞു വീണു. കോവൂർ വലിയ വിളയിൽ ജോളി,ആലുവിള കിഴക്കതിൽ മീനാക്ഷിഅമ്മ എന്നിവരാണ് കുഴഞ്ഞു വീണത്. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ ഓഡിറ്റിന്റെ പേരിൽ തൊഴിലുറപ്പ് സൈറ്റിൽ പരിശോധ നടത്തിയ സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് തൊഴിലാളികൾ പരാതിപ്പെട്ടു. മുൻ വർഷങ്ങളിൽ കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്ന് പറഞ്ഞ് തങ്ങളെ മാനസിക സംഘർഷത്തിലാക്കിയെന്നും ഇതിനാലാണ് കുഴഞ്ഞു വീണതെന്നുമാണ് തൊഴിലാളികൾ ആരോപിക്കുന്നത്. സംഭവമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശോധനാ സംഘത്തിന്റെ കൈയിൽ വ്യക്തമായ രേഖകളില്ലാത്തതിനാലും പഞ്ചായത്തിന് ബന്ധപ്പെട്ടവരിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലാത്തതിനാലും പ്രദേശത്തെ പൊതുപ്രവർത്തകർ സോഷ്യൽ ഓഡിറ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.