കുന്നത്തൂർ: കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാല നിലയ്ക്കൽ പട്ടികജാതി കോളനിയിലെ ഉപയോഗ ശൂന്യമായ ജലസംഭരണി പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. നിലയ്ക്കൽ ക്ഷേത്രത്തിന് സമീപമുള്ള പൊതുവഴിയോട് ചേർന്നാണ് വർഷങ്ങളായി ഉപയോഗ ശൂന്യമായിക്കിടക്കുന്ന ജലസംഭരണി സ്ഥിതി ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ സ്വയംപര്യാപ്ത കോളനിയാണ് നിലയ്ക്കൽ. സ്കൂൾ കുട്ടികൾ ഉൾപ്പടെ നിരവധി യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. അപകടകരമായ ടാങ്കിന് പകരം വർഷങ്ങൾക്ക് മുമ്പ് മറ്റൊരു മറ്റൊരു ടാങ്ക് നിർമ്മിച്ചിരുന്നു. നിലവിൽ ജലം സംഭരിക്കുന്നത് ഈ ടാങ്കിലാണ്. സംഭരണിയുടെ താഴ്ഭാഗം കുട്ടികളുടെ കളിസ്ഥലം കൂടിയായതിനാൽ അപകടമുണ്ടായാൽ വൻ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. നിരവധി തവണ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അപകട ഭീഷണിയായി നിൽക്കുന്ന ജലസംഭരണി ഉടൻ പൊളിച്ചു മാറ്റിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറയുന്നു.
അപകടം
ജനവാസ മേഖലയിൽ സ്ഥിതി ചെയ്യുന്ന സംഭരണിയുടെ നാല് തൂണിന്റെയും അടിഭാഗങ്ങൾ അപകടകരമായ രീതിയിൽ തകർന്നിരിക്കുകയാണ്. കോൺക്രീറ്റിന്റെ അടിഭാഗം ദ്രവിച്ച് വാർക്കക്കമ്പികൾ ഉൾപ്പടെ തെളിഞ്ഞു കാണാവുന്ന അവസ്ഥയിലാണ്.