കൊല്ലം: വിജ്ഞാന വിപ്ലവത്തിനും അറിവിന്റെ വ്യാപനത്തിനും ഇന്ന് ഡിജിറ്റൽ ലൈബ്രറികൾ ആവശ്യമായിരിക്കുന്നുവെന്ന് പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. പി.എൻ. പണിക്കർ ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി സൈൻ ഇൻ കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഡിജിറ്റൽ ലൈബ്രറികളുടെ വിജ്ഞാന വിപ്ലവം' എന്ന ശില്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പാവപ്പെട്ടവനും പഠിക്കുവാൻ ദാഹമുണ്ടെങ്കിൽ ഡിജിറ്റൽ സാക്ഷരത സ്വായത്തമാക്കിയാൽ ലോകത്തിലെ ഏറ്റവും ഉന്നതമായ സർവകലാശാലകളിൽ നിന്ന് സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് എന്നിവയോടൊപ്പം ജീവിത നൈപുണ്യ വിദ്യാഭ്യാസവും അനായാസേന ലഭ്യമാകും. ഭാരത സർക്കാരിന്റെ ഡിജിറ്റൽ ലൈബ്രറി ശ്യംഖലയിൽ ഇന്ന് മൂന്ന് കോടിയിൽപ്പരം പുസ്തകങ്ങളും മറ്റ് വിവരങ്ങളും അടങ്ങുന്ന ഡേറ്റകൾ ലഭ്യമാണ്. ഇത് സാധാരണക്കാർക്ക് അനായാസേന ഉപയോഗിക്കാവുന്നതാണ്.
സൈൻ -ഇൻ കൊല്ലം പ്രിൻസിപ്പൽ ബി. പ്രദീപ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി എൻ. ജയചന്ദ്രൻ, ഐ.എം.ജി ഗസ്റ്റ് ലക്ചറർ ബാബുരാജ്, അഡ്വ. നിർമ്മലൻ, അഡ്വ. സജിനാഥ്, എം. ഗാനപ്രിയൻ, പി. അനിൽ പടിക്കൽ, അൻസാർ അയിത്തിൽ, ഷിബു റാവുത്തർ, തങ്കമണി ബല്ലാർ എന്നിവർ പങ്കെടുത്തു.
ജില്ലാ ജയിൽ ലൈബ്രറിക്ക് വേണ്ടി 300 പുസ്തകങ്ങൾ സംഭാവന ചെയ്ത വിജയരാജനെ എൻ. ബാലഗോപാൽ പൊന്നാടയണിച്ച് ആദരിച്ചു. വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്വാതി എസ്. ഷാജി, രണ്ടാം സ്ഥാനം നേടിയ ആർ.എസ്. ജ്യോതി, മൂന്നാം സ്ഥാനം നേടിയ അഞ്ചു ശ്രീകുമാർ എന്നിവർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫിയും നൽകി.