കൊട്ടാരക്കര: വെണ്ടാറിൽ വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഫോറൻസിക് പരിശോധനയിലും ഇതിനുള്ള സാദ്ധ്യതകൾക്കാണ് മുൻതൂക്കം. സ്വയം കെട്ടിത്തൂങ്ങി മരിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്ഥിരീകരണത്തിനായി ഫോറൻസിക് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തും. കോട്ടാത്തല ഏറത്ത് ജംഗ്ഷൻ ഓരനല്ലൂർ (പ്ളാക്കുഴി) വീട്ടിൽ സ്മിത ദീപേഷാണ് (34) മരിച്ചത്. സ്മിത മരിച്ചുകിടന്ന വീട്ടിലെ ഒരു മുറിയിൽ നിന്നു കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച ഷാൾ കണ്ടെത്തിയിരുന്നു. ഇതും ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് നൽകും. വ്യാഴാഴ്ച പുലർച്ചെ 6 മണിയോടെയാണ് സ്മിതയെ വീട്ടിലെ സ്വീകരണ മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടാത്തല സ്വദേശിനിയായ കൂട്ടുകാരിയും ഭർത്താവുമാണ് മൃതദേഹം കണ്ടത്. കേസിൽ പ്രതിയെന്ന് സംശയിച്ച കിളികൊല്ലൂർ കാഞ്ഞിരക്കാട്ട് മേലതിൽ സനീഷ് (32) വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടുകാരിയും ഭർത്താവും ഈ വീട്ടിലെത്തിയത്. സ്മിതയ്ക്ക് സുഖമില്ലെന്നും അടിയന്തരമായി ആശുപത്രിയിൽ കൊണ്ടുപോകണമെന്നുമാണ് ഫോണിൽ സനീഷ് അറിയിച്ചത്. സംഭവത്തിന് ശേഷം സനീഷ് കൊല്ലം ഫാത്തിമമാത കോളേജിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ട്രെയിന് മുന്നിൽ ജീവനൊടുക്കുകയായിരുന്നു.
തലേ ദിവസം രാത്രി സ്മിതയുടെ വീട്ടിൽ സനീഷ് ഉണ്ടായിരുന്നു. സന്ധ്യ മുതൽ ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയും നടന്നു. സ്മിതയുടെ മക്കൾ ഇതിന് സാക്ഷിയാണ്. കുട്ടികൾ പിന്നീട് ഉറങ്ങാൻ കിടപ്പ് മുറിയിലേക്ക് പോയി. ഇതിനുശേഷം എന്താണ് സംഭവിച്ചതെന്നാണ് അന്വേഷണ സംഘം തേടുന്നത്. സ്മിത തൂങ്ങി നിൽക്കുന്നത് കണ്ട സനീഷ് ഷാൾ അറുത്ത് മൃതദേഹം കട്ടിലിൽ കിടത്തിയ ശേഷം ഷാൾ മറ്റൊരു മുറിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പിന്നീട് ഇവിടം വിട്ട സനീഷ് സ്വന്തം നാട്ടിൽ എത്തിയശേഷമാണ് സ്മിതയുടെ കൂട്ടുകാരിയെ വിളിച്ചത്. അന്വേഷണ സംഘം ഇന്നലെയും സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. നിരവധിപ്പേരുടെ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്.
മൃതദേഹങ്ങൾ സംസ്കരിച്ചു
സ്മിതയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടാത്തല ഏറത്ത് ജംഗ്ഷനിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുവന്നത്. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഒരു മണിയോടെ സംസ്കരിച്ചു. ഭർത്താവ് ദീപേഷ് (സോണി) ഇന്നലെ രാവിലെ ഖത്തറിൽ നിന്നും എത്തിയിരുന്നു. സനീഷിന്റെ മൃതദേഹവും പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ സംസ്കരിച്ചു.