സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ജംഗ്ഷനിൽ (ഊറാൻവിള ജംഗ്ഷൻ) അപകടങ്ങൾ തുടർക്കഥയാകുന്നു. നാലുഭാഗത്ത് നിന്നും വാഹനങ്ങളെത്തുന്ന ഈ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകളോ ട്രാഫിക് നിയന്ത്രണത്തിന് പൊലീസ് ഉദ്യോഗസ്ഥനോ ഇല്ലെന്നുള്ളത് വിരൽ ചൂണ്ടുന്നത് അധികൃതരുടെ അനാസ്ഥയിലേക്കാണ്.
കഴിഞ്ഞ ഒരുമാസക്കാലമായി നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. ദിവസങ്ങൾക്ക് മുമ്പ് ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് ഹോട്ടൽ ജീവനക്കാരനായ സുന്ദരേശൻ മരണപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. വാഹനമോടിക്കുന്നതിലെ അശ്രദ്ധയും അമിതവേഗതയും ഉൾപ്പെടെ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതേസമയം യാതൊരുവിധ അപകടസൂചനാ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ലെന്നുള്ളത് ആശ്ചര്യമാണ്.
അപകടങ്ങൾ തുടർക്കഥയായ ജംഗ്ഷനിൽ തെരുവ് വിളക്കുകൾ കത്താത്തതിനാൽ രാത്രികാലങ്ങളിൽ ആശ്വാസമാകുന്നത് വാഹനങ്ങളുടെ ലൈറ്റുകൾ മാത്രമാണ്. തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
അടിയന്തരമായി ഊറാൻവിള ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ, വേഗത നിയന്ത്രണത്തിനുള്ള സംവിധാനങ്ങൾ, അപകട സൂചനാ ബോർഡുകൾ എന്നിവ ഒരുക്കണമെന്നും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ തീർക്കണമെന്നും ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഊറാൻവിള ജംഗ്ഷനിലെ അപകട സാദ്ധ്യത
നാലുഭാഗത്ത് നിന്നും വാഹനങ്ങളെത്തുന്ന ജംഗ്ഷനാണ് ദേശീയപാതയിലെ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ജംഗ്ഷൻ. പൂയപ്പള്ളി കുമ്മല്ലൂർ ഭാഗത്ത് നിന്നുള്ള റോഡും ചാത്തന്നൂർ ഡിപ്പോയിൽ നിന്നുള്ള റോഡും ഈ ജംഗ്ഷനിലാണ് സംഗമിക്കുന്നത്. അപകടസൂചനാ ബോർഡുകളില്ലാത്തതിനാൽ ദേശീയപാതയിൽ കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും വരുന്ന വാഹനങ്ങൾ അമിതവേഗതയിലാണ് പലപ്പോഴും എത്തുന്നത്. ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ദേശീയപാതയിലേക്ക് കയറുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഉദ്യോഗസ്ഥനോ സിഗ്നൽ ലൈറ്റോ ഇല്ലാത്തതിനാൽ ഇരുവശങ്ങളിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.